തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് കലുഷിതമാകുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനായുള്ള സമവായ ചര്‍ച്ച വഴിമുട്ടി. എ ഗ്രൂപ്പും വിശാല ഐയും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.
വ്യാഴാഴ്ച ഇതുസംബന്ധിച്ച ചര്‍ച്ചയൊന്നും നടന്നില്ല. അതേസമയം, സമവായ ചര്‍ച്ച നടക്കുന്നതിനിടയില്‍ വിശാല ഐ ഗ്രൂപ്പുകാര്‍ കെ. സുധാകരന്റെ നേതൃത്വത്തില്‍ സോണിയാഗാന്ധിയെക്കണ്ട് നിവേദനം നല്‍കിയത് എ വിഭാഗത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.
എട്ട് ഡിസിസി പ്രസിഡന്റ് സ്ഥാനം വേണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. തങ്ങളുടെ കണക്കിലുള്ള എട്ട് സീറ്റില്‍ ഒന്നും വിട്ടുകൊടുക്കാനാവില്ലെന്ന് വിശാല ഐ ഗ്രൂപ്പും ശഠിയ്ക്കുന്നു.
രണ്ട് ഡിസിസി പ്രസിഡന്റ് സ്ഥാനം വേണമെന്ന നിലപാട് വയലാര്‍ രവിയുടെ നാലാംഗ്രൂപ്പ് കര്‍ക്കശമാക്കി. ആലപ്പുഴയില്‍ ഡി. സുഗതനെയും കൊല്ലത്ത് ഭാരതിപുരം ശശിയെയും ഡിസിസി പ്രസിഡന്റുമാരാക്കണമെന്നാണ് ആവശ്യം.
ഇതിനിടെ സമവായത്തിനെതിരെ കോടതിയില്‍ ഹര്‍ജിയും ഫയല്‍ചെയ്തു. കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ജനാധിപത്യ രീതിയില്‍ നടത്തണമെന്നും സമവായത്തിലൂടെയുള്ള തിരഞ്ഞെടുപ്പ് നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.
കോണ്‍ഗ്രസ് പാളയം ബ്‌ളോക്ക് കമ്മിറ്റി അംഗം ആര്‍. സദാശിവന്‍നായരാണ് ഫയല്‍ ചെയ്തത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, റിട്ടേണിംഗ് ഓഫീസര്‍ കൃഷ്ണസ്വാമി, ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ ഷണ്‍മുഖന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.
കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് നിയോഗിച്ചിട്ടുള്ള റിട്ടേണിംഗ് ഓഫീസര്‍മാരെ നോക്കുകുത്തികളാക്കിക്കൊണ്ട് കെപിസിസി പ്രസിഡന്റ് തന്നിഷ്ടക്കാരെ ഭാരവാഹികളായി തിരുകിക്കയറ്റുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു.












Click it and Unblock the Notifications