കൊക്കകോള കേരളത്തെ വഞ്ചിച്ചു: വിഎസ്

പ്ലാച്ചിമടയുടെ പ്രകൃതിയെ എക്കാലത്തേക്കുമായി അവര്‍ നശിപ്പിച്ചു. കുറച്ചാളുകള്‍ക്ക് ജോലികിട്ടുമെന്ന് കരുതിയാണ് കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്. എന്നാല്‍ കൊക്കക്കോള ഗുണത്തേക്കാളേറെ ദോഷമാണ് കേരളത്തിനോട് ചെയ്തത്.
കമ്പനിയെ പ്ലാച്ചിമടയില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ കഴിഞ്ഞത് ജനകീയസമരവും കോടതിയുടെ ഇടപെടലും കൊണ്ടാണ്. കൊക്കക്കോള ഒഴിവാക്കാന്‍ കഴിയാത്ത ഒരു പാനീയവുമല്ല- വിഎസ് പറഞ്ഞു.
പരിസ്ഥിതിയെ നശിപ്പിക്കുന്ന വികസനം ഇനി കേരളത്തിനു വേണ്ട. എന്നാല്‍ മലിനീകരണത്തിനെതിരെയുള്ള സര്‍ക്കാരിന്റെ നിലപാട് ചില ബ്യൂറോക്രാറ്റുകള്‍ക്ക് ദഹിക്കാതെ പോകുന്നുണ്ട്. അവര്‍ ചില വേദികളില്‍ കൊക്കക്കോളയ്ക്ക് അനുകൂലമായി സംസാരിക്കുന്നത് മുന്‍സര്‍ക്കാരിന്റെ നയങ്ങളാണ്- അദ്ദേഹം പറഞ്ഞു.
കോളക്കമ്പനിയ്ക്കുവേണ്ടി വാദിച്ച വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.ബാലകൃഷ്ണന്റെ പേരെടുത്തു പറയാതെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്ന കമ്പനികള്‍ക്കെതിരെ വ്യക്തമായ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം.
പരിസ്ഥിതിനാശത്തിനു പുറമെ ഏതാണ്ട് 216 കോടി രൂപയാണ് കമ്പനി നഷ്ടം വരുത്തിവെച്ചത്. ഈ നഷ്ടം അവരില്‍ നിന്നുതന്നെ ഈടാക്കാന്‍ ട്രിബ്യൂണല്‍ രൂപവല്‍ക്കരിക്കുന്നതിന്റെ അവസാനത്തെ ഘട്ടത്തിലാണ് സര്‍ക്കാരിപ്പോള്‍- വിഎസ് അറിയിച്ചു. അത്താണിയില്‍ അഗ്രോമിഷിനറി കോര്‍പ്പറേഷന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications