കമിതാക്കളായ വിദ്യാര്‍ഥികള്‍ തൂങ്ങിമരിച്ചു
മംഗലാപുരം: നഴ്‌സിങ് വിദ്യാര്‍ഥികളായ കമിതാക്കളെ കൊല്ലൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശി പ്രിന്‍സി ഫിലിപ്(22), കൊല്ലം അഞ്ചല്‍ സ്വദേശി യു.ആര്‍. വിഷ്ണു(18) എന്നിവരാണു മരിച്ചത്.
ഇരുവരും മംഗലാപുരത്തെ സ്വകാര്യ കോളജില്‍ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി വിദ്യാര്‍ഥികളാണ്.വിവാഹിതയായ പ്രിന്‍സി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയും വിഷ്ണു ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമാണ്.
ഞായറാഴ്ച കോളജ് ഹോസ്റ്റലില്‍ നിന്നിറങ്ങിയ ഇരുവരും വൈകിട്ടാണ് കൊല്ലൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. തിങ്കളാഴ്ച രാവിലെ ഏറെ വൈകിയിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് മുറി തുറന്നത്. കൈകളിലെ ഞരമ്പു മുറിച്ചശേഷം ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്.
ഒന്നിച്ചു ജീവിക്കാന്‍ കഴിയാത്തതിനാലാണു മരിക്കുന്നതെന്നു പറഞ്ഞ് ഇരുവരും വീട്ടുകാര്‍ക്ക് എഴുതിയ കത്ത് മുറിയില്‍ നിന്നു പൊലീസ് കണ്ടെടുത്തു. എടത്വ സ്വദേശി ഷിബുവിന്റെ ഭാര്യയാണ് പ്രിന്‍സി.
അയല്‍വാസിയായ ഷിബുവുമായി പ്രിന്‍സിയുടെ വിവാഹം കഴിഞ്ഞിട്ട് ഒന്‍പതു മാസമേ ആയിട്ടുള്ളു. ഇവരുടേത് പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഷിബു ദുബായിലേക്കു പോയി. ജൂലൈ 10ന് ഷിബു അവധിക്കു നാട്ടില്‍ വരാനിരിക്കുകയായിരുന്നു.
കാല്ലൂര്‍ പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പ്രിന്‍സിയുടെ മൃതദേഹം തിങ്കളാഴ്ച രാത്രി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. വിഷ്ണുവിന്റെ ബന്ധുക്കള്‍ ചൊവ്വാഴ്ചയെത്തി മൃതദേഹം ഏറ്റുവാങ്ങുമെന്നാണ് സൂചന.












Click it and Unblock the Notifications