കസ്റ്റംസുകാരുടെ മോഷണം പാകിന് നാണക്കേട്
ലാഹോര്‍: സ്വന്തം കസ്റ്റംസ് സംഘം പാകിസ്താന് നാണക്കേടുണ്ടാക്കുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഒരു വന്‍ മോഷണത്തിന്റെ കഥ പുറത്തുവന്നിരിക്കുകയാണ്.
രണ്ടുവര്‍ഷംകൊണ്ട് 11,000 കണ്ടെയ്‌നര്‍ നിറയെ സാധനങ്ങളാണ് പാകിസ്ഥാനിലെ കസ്റ്റംസ് അധികൃതര്‍ മോഷ്ടിച്ചത്. 220 ദശലക്ഷം ഡോളര്‍ വിലവരുന്നതാണ് ഈ സാധനങ്ങള്‍.
നാറ്റോ സൈനികര്‍ക്കായി വിവിധ അംഗരാജ്യങ്ങളില്‍നിന്നായി അയച്ചുകൊടുത്ത വിലപിടിപ്പുള്ള സാധനങ്ങളായിരുന്നു കണ്ടെയ്‌നറിനുള്ളില്‍. പാകിസ്ഥാനില്‍ താമസിച്ച് അല്‍ഖ്വയ്ദയ്‌ക്കെതിരെ യുദ്ധം ചെയ്തുവരുന്ന ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ് ഫോഴ്‌സില്‍ (ഐ.എസ്.എ.എഫ്) പെടുന്നവരാണ് നാറ്റോ സൈനികര്‍.
ഇവര്‍ക്കുള്ള വസ്ത്രങ്ങള്‍ മുതല്‍ മദ്യം, കമ്പ്യൂട്ടറുകള്‍ എന്നിവവരെയുള്ള സാധനങ്ങളാണ് അംഗരാഷ്ട്രങ്ങള്‍ ശേഖരിച്ച് പാകിസ്ഥാനിലേക്ക് അയച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇവയില്‍ പല കണ്ടെയ്‌നറുകളും കസ്റ്റംസ് അധികൃതര്‍ മോഷ്ടിക്കുകയായിരുന്നുവത്രേ.
പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണകഥയാണിതെന്ന് പാക് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനില്‍ സൈന്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ആയുധങ്ങളും നഷ്ടപ്പെട്ട കണ്ടെയ്‌നറുകളില്‍ ഉണ്ടായിരുന്നു എന്ന് സൂചനയുണ്ട്.
അല്‍ഖ്വയ്ദയുമായി പാകിസ്താനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുള്ളത് പാട്ടായ കാര്യമാണ്. ഈ സാഹചര്യത്തില്‍ ഈ ആയുധങ്ങള്‍ അല്‍ഖ്വയ്ദയിലെ ഭീകരന്മാരുടെ പക്കല്‍ എത്താനുള്ള സാധ്യതയും ഫെഡറല്‍ ബ്യൂറോ ഓഫ് റവന്യൂ തള്ളിക്കളയുന്നില്ല.
യഥാര്‍ത്ഥത്തില്‍ അഫ്ഗാനിസ്ഥാനിലേക്ക് അയയ്‌ക്കേണ്ടവയായിരുന്നു, കാണാതായ 11,727 കണ്ടെയ്‌നറുകളും എന്നും വാദമുണ്ട്. അത് ലക്ഷ്യംതെറ്റി ഇസ്‌ലാമാബാദിലേക്ക് അയയ്ക്കുകയായിരുന്നത്രേ. ഇത് പാക് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മുതലെടുത്തു.
ഇസ്‌ലാമാബാദില്‍ നിന്ന് കറാച്ചിയിലെ ഏതോ കേന്ദ്രത്തിലേക്കാണ് ഇവ കൊണ്ടുപോയതെന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥനിലെ തോര്‍ഖം എന്ന നഗരത്തിലേക്ക് കണ്ടെയ്‌നറുകള്‍ കയറ്റിവിട്ടതായാണ് പാക് കസ്റ്റംസ് അധികൃതര്‍ രേഖകള്‍ സൃഷ്ടിച്ചത്.
കസ്റ്റംസ് അധികൃതര്‍ക്കും കണ്ടെയ്‌നര്‍ ക്ലിയറിങ് ഏജന്റിനും എതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി പാക് നേതൃത്വം മോഷണകഥ സ്ഥിരീകരിച്ചിട്ടില്ല.


Click it and Unblock the Notifications