വൈഎസ്ആറിന്റെ മരണം പൈലറ്റിന്റെ പിഴവ് മൂലം
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിന് പിന്നില്‍ അട്ടിമറി ഇല്ലെന്ന് സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട്.
പൈലറ്റിന്റെ പിഴവ് മൂലമാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടതെന്ന് വെള്ളിയാഴ്ച സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി ബി ഐ വ്യക്തമാക്കുന്നു.

വിമാനം പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ കാലവസ്ഥ പ്രതികൂലമാണെന്ന് വ്യക്തമായെങ്കിലും പൈലറ്റ് അത് വക വെക്കാതെ മുന്നോട്ട് പോകുകായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടത്തിന് കൃത്യം 18 സെക്കന്‍ഡുകള്‍ക്ക് മുന്‍പ് പൈലറ്റ് അപായ സൈറണ്‍ മുഴക്കിയിരുന്നതായും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. പൈലറ്റ് അവസാനം പറഞ്ഞ വാക്കുകള്‍ വിമാനത്തിന്റെ കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നതും പൈലറ്റിന്റെ അശ്രദ്ധയാണെന്നാണ് സിബിഐ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.
'ഗോ എറൌണ്ട്, ഗോ എറൌണ്ട് ആക്ഷന്‍' എന്നായിരുന്നു പൈലറ്റ് അവസാനം പറഞ്ഞ വാക്കുകള്‍.
പ്രതികൂല കാലവസ്ഥയാണെന്ന് മനസ്സിലാക്കിയപ്പോള്‍ തന്നെ വിമാനം തിരിച്ചു പറത്തുകയോ ഇറക്കുകയോ ചെയ്തിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.












Click it and Unblock the Notifications