ഹോസ്റ്റലിലെ പീഡനം: പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
ചെന്നൈ: ഭൂട്ടാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ കൊടൈക്കനാല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷീഫ പോളിനെ അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി 15 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.
ആരോപണ വിധേയനായ സ്‌കൂള്‍ മാനേജര്‍ എം.എല്‍ ബ്രൈറ്റിന്റെ മകളാണ് ഷീഫ. കോടതി നടപടികള്‍ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി ഇവര്‍ പരാതിപ്പെട്ടുവെങ്കിലും ഡോക്ടര്‍ പരിശോധിച്ച് അവര്‍ പൂര്‍ണ ആരോഗ്യവതിയാണെന്ന് റിപ്പോര്‍ട്ട് നല്‍കി.
പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന 76കാരനായ ബ്രൈറ്റ് ഒളിവിലാണ്. ഇയാള്‍ കേരളത്തില്‍ ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ആലപ്പുഴ, മൂന്നാര്‍, കുമരകം എന്നിവിടങ്ങളിലേക്ക് കൊടൈക്കനാല്‍ പോലീസ് മൂന്നു സംഘങ്ങളെ അയച്ചിരുന്നു.
ഭൂട്ടാനില്‍ നിന്നുള്ള 14കാരിയുടെ രക്ഷിതാവ് ജൂണ്‍ 18നാണ് ബ്രൈറ്റിനെതിരെ പരാതി നല്‍കിയത്. മാനഭംഗശ്രമത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാനുള്ള തമിഴ്‌നാട് പോലീസ് ചട്ടപ്രകാരവും കേസെടുത്തു.
ബ്രൈറ്റിന്റെ വീട് ഹോസ്റ്റലാക്കി മാക്കി അവിടെ മറ്റു 17 പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഭൂട്ടാന്‍ സ്വദേശിനി താമസിച്ചിരുന്നത്. ജൂണ്‍ മൂന്നിന് കേസിന് കാരണമായ സംഭവം നടന്നുവെന്നാണ് പരാതി.
ബ്രൈറ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജൂലായ് അഞ്ചിനു കോടതി പരിഗണിക്കും. പെണ്‍കുട്ടി മൂന്നുമാസമായി 500രൂപവീതമുള്ള ഹോസ്റ്റല്‍ ഫീസ് നല്‍കിയിരുന്നില്ലെന്നും ഇതിനാല്‍ പെണ്‍കുട്ടിയെ സൗജന്യ ഹോസ്റ്റലിലേക്ക് മാറ്റി, ഇത് പെണ്‍കുട്ടിക്ക് സമ്മതമായില്ല. രക്ഷിതാവ് വന്ന് ജൂണ്‍ 16ന് ടി.സി.വാങ്ങി. രണ്ടുദിവസം കഴിഞ്ഞ് പോലീസില്‍ പരാതി നല്‍കുകയാണുണ്ടായത്- ബ്രൈറ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.












Click it and Unblock the Notifications