ജോസഫിനെ വധിക്കുകയായിരുന്നു ലക്ഷ്യം: പൊലീസ്

കോതമംഗലം ചെറുവട്ടൂര്‍ സ്വദേശി ജാഫര്‍, കാലടി സ്വദേശി അഷ്‌റഫ് എന്നിവരെയാണ് റിമാന്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ വധശ്രമം, ഗൂഢാലോചന, സ്‌ഫോടകവസ്തുക്കള്‍ കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങളാണുള്ളതെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോസഫിനെ വധിയ്ക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. കേസില്‍ ആറ് പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു.
അക്രമികള്‍ സഞ്ചരിച്ചിരുന്ന മാരുതി വാന്‍ ഒളിപ്പിച്ച ജാഫറിനെ ഞായറാഴ്ച ഉച്ചക്ക് തന്നെ പോലീസ് പിടികൂടിയിരുന്നു. അക്രമികള്‍ വന്ന ഓമ്‌നി വാന്‍ വാഹനം തൃശൂരില്‍ നിന്ന് വാങ്ങിയതാണെന്ന് വ്യക്തമായിട്ടുണ്ട്. കോതമംഗലം സ്വദേശിയായ കെ.കെ അലി ഒരു ലക്ഷം രൂപ കൊടുത്താണ് വാന്‍ വാങ്ങിയത്.
അക്രമം ആസൂത്രണം ചെയ്തതില്‍ അലിക്ക് വ്യക്തമായ പങ്കുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചേ രണ്ടു മണിയോടെ ഇയാളുടെ നെല്ലിക്കുഴിയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. എന്നാല്‍ ഇയാള്‍ ഒളിവിലാണ്.
അതിനിടെ ടിജെ ജോസഫിന്റെ അറ്റുപോയ കൈപ്പത്തി തുന്നിച്ചേര്‍ക്കുന്നതിനുളള ശസ്ത്രക്രിയ എറണാകുളത്തെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ പൂര്‍ത്തിയായി.
15 മണിക്കൂര്‍ കൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. കൈ തുന്നി ചേര്‍ത്തെങ്കിലും ശസ്ത്രക്രിയ പൂര്‍ണമായി വിജയകരമാണെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ജോസഫും അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ഞായറാഴ്ച പള്ളിയില്‍ പോയി വരുമ്പോഴായിരുന്നു ഓമ്‌നി വാനിലെത്തിയ എട്ടംഗസംഘം ജോസഫിനെ വെട്ടിയത്. രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. അക്രമികള്‍കാറിന്റെ ചില്ല് തല്ലി തകര്‍ക്കുകയും കാറിനകത്ത് ഉണ്ടായിരുന്നവരെ വലിച്ച് പുറത്തിടുകയും ചെയ്തു. തുടര്‍ന്ന് അധ്യാപകന്റെ ഇരു കൈകളും വെട്ടി. അറ്റുപോയ കൈപ്പത്തി അടുത്ത വീട്ടിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് അക്രമികള്‍ രക്ഷപ്പെട്ടത്.












Click it and Unblock the Notifications