കുഞ്ഞിന്റെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം
ആലപ്പുഴ: നവജാത ശിശു ആശുപത്രിയില്‍ മരിച്ചത് ഡോക്ടറുടെ അനാസ്ഥമൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ മൃതദേഹവുമായി ഡിഎംഒയെ ഉപരോധിച്ചു.
ആലപ്പുഴ സ്വദേശികളായ കല്ലുമടയ്ക്കല്‍ വീട്ടില്‍ ഡി. അനില്‍- മഞ്ജു ദമ്പതികളുടെ മകനാണ് ഇന്നലെ പുലര്‍ച്ചെ ആറരയോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രസവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ അനാസ്ഥയാണു മരണം സംഭവിച്ചതെന്നാരോപിച്ചു ക്ഷുഭിതരായ നാട്ടുകാരും ബന്ധുക്കളും ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഡിഎംഒ ഓഫീസിലെത്തിയത്.
ഈ സമയം അവിടെ ഡിഎംഒയുടെ നേതൃത്വത്തില്‍ പ്രതിമാസ മീറ്റിംഗ് നടക്കുകയായിരുന്നു. ക്ഷുഭിതരായ ജനക്കൂട്ടം കുഞ്ഞിന്റെ മൃതദേഹം കോണ്‍ഫറന്‍സ് ഹാളിലെ മേശപ്പുറത്ത് കിടത്തി.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 24 മണിക്കൂറിനകം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ ഡോക്ടര്‍ സിറാബുദിന്‍ ഉറപ്പു നല്കിയശേഷമാണു ബന്ധുക്കള്‍ കുട്ടിയുടെ മൃതദേഹവുമായി മടങ്ങിയത്.
പ്രസവത്തെത്തുടര്‍ന്ന്് കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍കൊടി ചുറ്റിയിരുന്നുവെന്നും ഇങ്ങനെയാണ് കുഞ്ഞ് മരിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
വെന്റിലേറ്ററില്‍ കിടത്തിയ കുഞ്ഞ് ആറാം ദിവസം പുലര്‍ച്ചെ മരിക്കുകയായിരുന്നു. തന്റെ ഭാര്യയുടെ പ്രസവകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നവരുടെ അശ്രദ്ധയും ലാഘവബുദ്ധിയോടെയുള്ള പ്രവര്‍ത്തനവും മൂലമാണ് ദുരന്തം സംഭവിച്ചതെന്ന് അനിലിന്റെ പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications