വൃദ്ധരെ വിഷംകുത്തിവച്ച് കൊല്ലുന്ന സ്ത്രീ പിടിയില്‍
കോയന്പത്തൂര്‍: വീട്ടുകാരുടെ സമ്മതത്തോടെ അവശരായ വൃദ്ധമാതാപിതാക്കളെ വിഷം കുത്തിവെച്ച് കൊല്ലുന്ന ആശുപത്രി ജീവനക്കാരി പിടിയില്‍. അരുപ്പുകോട്ട രാമസാമിപുരം മുനിസിപ്പല്‍ കോളനിയില്‍ താമസിക്കുന്ന ഫാത്തിമയാണ് (35) അറസ്റ്റിലായത്. പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ അരുപ്പുകോട്ട ശെല്‍വരാജിന്റെ (76) ദുരൂഹ മരണത്തില്‍ സംശയം തോന്നിയ ചിലരാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ശെല്‍വരാജിന്റെ മകന്റെ പക്കല്‍ നിന്നും 3,500 രൂപ കൈപ്പറ്റിയതിന് ശേഷമാണ് വിഷം കുത്തിവെച്ച് കൊല നടത്തിയതെന്ന് അരുപ്പുകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ തൂപ്പുജോലി ചെയ്യുന്ന ഫാത്തിമ പൊലീസിനോട് സമ്മതിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ശെല്‍വരാജിന്റെ മകന്‍ സന്താനം, ഫാത്തിമയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിയ്ക്കുന്ന ഗോവിന്ദന്‍ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിരുതനഗറിലെ മുതിര്‍ന്ന സിഐടിയു പ്രവര്‍ത്തകനും ശെല്‍വരാജന്റെ മരുമകനുമായ അശോകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെടുത്തത്.
ആശുപത്രിയില്‍ അനസ്‌തേഷ്യക്ക് ഉപയോഗിക്കുന്ന മരുന്ന് കുടുതല്‍ കുത്തിവെച്ചാല്‍ മരിക്കുമെന്ന് ഫാത്തിമ മനസിലാക്കിയിരുന്നു. മേഖലയില്‍ വിവിധ മാറാരോഗങ്ങള്‍ പെട്ട് അവശരായ വൃദ്ധജനങ്ങളുടെ കുടുംബാംഗങ്ങളെ സമീപിച്ചാണ് ഇതിന് സാഹചര്യം ഒരുക്കുന്നത്. ഗോവിന്ദന്‍ വഴിയാണ് ഫാത്തിമ ഇത്തരക്കാരെ കണ്ടെത്തിയിരുന്നത്.
അരുപ്പുകോട്ടയിലെ മാരിയമ്മാള്‍, സുബ്രഹ്മണ്യം തുടങ്ങിയവരെയും ഫാത്തിമ വിഷം കുത്തിവെച്ച് കൊന്നതായി സംശയമുയര്‍ന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ മനുഷ്യാവകാശ സംഘടനകളും രംഗത്തിറങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications