വധഭീഷണി: മനോജ് എബ്രഹാമിന് കൂടുതല്‍ സുരക്ഷ
തിരുവനന്തപുരം: തീവ്രവാദബന്ധമുള്ള സംഘടനകളില്‍നിന്നു വധഭീഷണിയുള്ള സാഹചര്യത്തില്‍ കൊച്ചി പോലീസ് കമ്മിഷണര്‍, ഡിഐജി മനോജ് ഏബ്രഹാമിന്റെ സുരക്ഷ ശക്തിപ്പെടുത്താന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
അധ്യാപകന്റെ കൈവെട്ടിയ കേസില്‍ പങ്ക് ആരോപിക്കപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ടിന് ആഗോള ഭീകരസംഘടനയായ അല്‍ക്വയ്ദയുമായി ബന്ധമുണ്ടെന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ഐ.ബി ജോയിന്റ് ഡയറക്ടര്‍ ഹരിസേനവര്‍മ സ്ഥിരീകരിച്ചു.
അല്‍ക്വയ്ദ മാതൃകയില്‍ കേരളത്തില്‍ തീവ്രവാദ സംഘടനയായി വളരുകയാണു പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യമെന്നു യോഗത്തില്‍ വ്യക്തമാക്കി. ഈ നീക്കങ്ങളുടെ ഭാഗമായി പോലീസുദ്യോഗസ്ഥരടക്കമുള്ളവരെ ലക്ഷ്യമിടാന്‍ ആസൂത്രിതപദ്ധതിയുണ്ടായിരുന്നു.
സ്വാതന്ത്ര്യദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ചിട്ടുള്ള ഫ്രീഡം പരേഡ് നിരോധിക്കാന്‍ യോഗം തീരുമാനിച്ചു. അതിനു മുന്നോടിയായാണു പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളില്‍ സംസ്ഥാന വ്യാപകമായി മിന്നല്‍പരിശോധന നടത്തുന്നത്. പല ഓഫീസുകളില്‍നിന്നും വന്‍തോതില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
ഇ്‌പ്പോഴത്തെ പശ്ചാത്തലത്തില്‍ ഫ്രീഡം പരേഡ് അനുവദിക്കുന്നതു സംസ്ഥാനസുരക്ഷയെ ബാധിക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പല ജില്ലകളിലും ഫ്രീഡം പരേഡിനുള്ള പരിശീലനം നടക്കുന്നുണ്ട്. അത് അവസാനിപ്പിക്കാന്‍ അതതു സ്ഥലത്തെ സി.ഐമാര്‍ ബന്ധപ്പെട്ടവര്‍ക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്.
കായികപരിശീലനത്തിനായി ഒരു സംഘടനയ്ക്കും അനുമതി നല്‍കേണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ നിര്‍ദേശിച്ചു. ഭീകരസംഘടനകളുടെ പ്രവര്‍ത്തനരീതിയാണു പോപ്പുലര്‍ ഫ്രണ്ടിന്റേതെന്നു സംസ്ഥാന ഇന്റലിജന്‍സ്, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനു റിപ്പോര്‍ട്ട് നല്‍കി.












Click it and Unblock the Notifications