ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കരുത്: ദിവാകരന്‍
കൊല്ലം: വിരട്ടി കാര്യം സാധിക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് മന്ത്രി സി.ദിവാകരന്‍ എഐടിയുസിയോട്. ഞായറാഴ്ച സപ്ലൈകോ എംപ്ലോയീസ് അസോസിയേഷന്‍ (എഐടിയുസി) സംസ്ഥാനക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങളെക്കാള്‍ വലിയ കൊലകൊമ്പന്മാര്‍ വന്നാലും ഭീഷണിപ്പെടുത്തി കാര്യം നേടാന്‍ പറ്റില്ല. 40 വര്‍ഷം ഞാനും എഐടിയുസിനേതാവായി പ്രവര്‍ത്തിച്ചു. എംഎല്‍എയും എം.പിയുമൊന്നും ആകാനല്ല ഞാന്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തിയത്.
ഓലപ്പാമ്പിനെക്കാട്ടി പാമ്പാട്ടിയെ പേടിപ്പിക്കരുത്. വേലത്തരമൊന്നും എന്റെയടുത്ത് നടക്കില്ല. മന്ത്രിസഭാ യോഗത്തിലും മറ്റ് യോഗങ്ങളിലും പല കൊലകൊമ്പന്മാരും എന്റെയടുത്ത് പഞ്ചപുച്ഛമടക്കി ഇരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ-മന്ത്രി ചോദിച്ചു.
വകുപ്പിന്റെ സാമൂഹികപ്രതിബദ്ധത കൂടി കണക്കിലെടുത്ത് ജീവനക്കാര്‍ ആവശ്യങ്ങള്‍ ഉന്നയിക്കണം. പോക്കറ്റ് നിറഞ്ഞാല്‍മാത്രം മന്ത്രി കൊള്ളാമെന്ന സമീപനം ശരിയല്ല. ഇന്‍സന്റീവ് കുറഞ്ഞുപോയെന്നത് ട്രേഡ് യൂണിയന്‍ അവകാശത്തില്‍പ്പെടില്ല.
ശമ്പളത്തിനുപുറമേ മാനേജ്‌മെന്റ് നല്‍കുന്ന കിംബളമാണ് ഇന്‍സന്റീവ്. അതിന്റെപേരില്‍ ഏത് കോടതിയില്‍പ്പോയാലും ഒന്നും കിട്ടില്ല. അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ എന്തെങ്കിലും തടഞ്ഞുവച്ചിട്ടുണ്ടെങ്കില്‍ അത് കൊടുക്കും-മന്ത്രി പറഞ്ഞു.












Click it and Unblock the Notifications