കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപാഡിനെ വെല്ലാന്‍ ആദം; സ്വന്തമാക്കാന്‍ മുകേഷ്

  • By Lakshmi
Google Oneindia Malayalam News

Mukesh Ambani
മുംബൈ: ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നോഷന്‍ ഇങ്ക് എന്ന ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍ കമ്പനിയെ ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒരുങ്ങുന്നു.

ആപ്പിളിന്റെ ഐപാഡിനോട് മത്സരിക്കാനായി ആദം ടാബ്‌ലെറ്റ് എന്ന പേരില്‍ ടാബ്‌ലെറ്റ് പിസി വികസിപ്പിച്ച് നോഷന്‍ ഇങ്ക് ശ്രദ്ധേയമായിരിക്കുന്ന അവസരത്തിലാണ് മുകേഷിന്റെ ഏറ്റെടുക്കല്‍ ശ്രമം.

2010ല്‍ത്തന്നെ ആദം ടാബ് ലെറ്റ് ലോകവിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ഇതിന്റെ സാധ്യത മുന്നില്‍ക്കണ്ടുകൊണ്ടാണ് മുകേഷ് നോഷന്‍ ഇങ്ക് ഏറ്റെടുക്കാന്‍ തയ്യാറാണെന്നകാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായുള്ള പ്രാഥമികതല ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

ലോകമൊട്ടാകെ ആദം പിസികള്‍ വിപണിയിലിറക്കാന്‍ നോഷന്‍ ഇങ്കിന് വന്‍ മുതല്‍മുടക്ക് ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് വന്‍കിട നിക്ഷേപകരെ കൊണ്ടുവരുന്നതിനെക്കുറിച്ച് ഈ കമ്പനി ആലോചന തുടങ്ങിയത്. ആറ് ഐഐടിവിദ്യാര്‍ത്ഥികളും ഒരു എംബിഎ ബിരുദധാരിയും ചേര്‍ന്നാണ് നോഷന്‍ ഇങ്ക് എന്ന കമ്പനിക്ക് തുടക്കം കുറിച്ചത്.

വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സര്‍വീസ് തുടങ്ങുമ്പോള്‍ അതിനൊപ്പം ടാബ്‌ലെറ്റ് പിസികള്‍ കൂടി വിറ്റഴിക്കാമെന്ന കണക്കുകൂട്ടലിലാണ് റിലയന്‍സ്. രാജ്യമൊട്ടാകെ വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സര്‍വീസ് തുടങ്ങാന്‍ ലൈസന്‍സ് ലഭിച്ച ഇന്‍ഫോടെല്‍ എന്ന കമ്പനിയെ റിലയന്‍സ് ഏറ്റെടുത്തിട്ടുണ്ട്. ഈ വര്‍ഷം തന്നെ വൈഫൈ സേവനം തുടങ്ങാനാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

ടച്ച്‌സ്‌ക്രീനോ സ്‌റ്റൈലസോ അടങ്ങിയ ചെറു ലാപ്‌ടോപ്പുകളാണ് ടാബ്‌ലെറ്റ് പി.സികള്‍. ആപ്പിള്‍ ഐപാഡിനെ കവച്ചുവയ്ക്കാന്‍ പോന്നതാണ് നോഷന്‍ ഇങ്കിന്റെ 'ആദ'മെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ടെക് വെബ്‌സൈറ്റുകളിലും ഗാഡ്ജറ്റ് ബ്ലോഗുകളിലുമൊക്കെ ഇത് ഇതിനകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.

ഐപാഡിനെക്കാള്‍ ഇരട്ടി ബാറ്ററി ലൈഫ് ഉണ്ടെന്നതാണ് ആദത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, ഐപാഡിനെക്കാള്‍ വില കുറവാണെന്നതും പ്രത്യേകത തന്നെ. ഐപാഡിന് 499 ഡോളര്‍ മുതലാണ് വിലയെങ്കില്‍ ആദത്തിന് 325 ഡോളര്‍ മാത്രമേ വില വരൂവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X