ദളിത് യുവാവിനെ വിവാഹം ചെയ്ത യുവതിയെ കൊന്നു
ദില്ലി: ഉത്തര്‍പ്രദേശില്‍ വീണ്ടും അഭിമാനക്കൊലപാതകം റിപ്പോര്‍ട്ട് ചെയ്തു. ഇത്തവണ ഗുജ്ജാര്‍ വിഭാഗത്തിലെ ഇരുപത്തിരണ്ടുകാരിയാണ് ബന്ധുക്കളുടെ അഭിമാനബോധത്തിന് ഇരയായത്.
ദളിത് വിഭാഗക്കാരനെ വിവാഹം ചെയ്തതിനാണ് ബുലന്ദശഹര്‍ സ്വദേശിയായ സഞ്ജീതയെന്ന യുവതിയെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നോയ്ഡ പൊലീസ് അഞ്ച് പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. എല്ലാവരും സഞ്ജീതയുടെ ബന്ധുക്കളാണ്.
2010 ഫെബ്രുവരിയിലായിരുന്നു സഞ്ജീതയുടെയും രവീന്ദര്‍ കുമാറിന്റെയും വിവാഹം. മൂന്നു വര്‍ഷം മുമ്പ് ഒരു പരിശീലന ക്ലാസില്‍ വച്ചാണ് ഇവര്‍ പരിചയപ്പെട്ടത്. ഏതാനും നാള്‍ മുമ്പ് ഭാര്യയുടെ ജീവിതത്തിന് ഭീഷണിയുണ്ടെന്ന് കാണിച്ച് രവീന്ദര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സഞ്ജീതയുമായി ബന്ധം പുലര്‍ത്തിയാല്‍ തന്നെയും കൊന്നുകളയുമെന്ന് കുടുംബാംഗങ്ങള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇയാള്‍ പറയുന്നു. കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് സഞ്്ജീത രവീന്ദറെ വിവാഹം ചെയ്തത്.
ഏതാനും നാള്‍ മുമ്പ് പരമ്പരാഗത ചടങ്ങുകള്‍ പ്രകാരം വിവാഹം നടത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയാണത്രേ വീട്ടില്‍ സഞ്ജീതയെ തിരിച്ചുവിളിച്ചത്. ജൂലൈ 18 ഞായറാഴ്ച വിവാഹം നടത്താമെന്നായിരുന്നുവത്രേ ബന്ധുക്കള്‍ പറഞ്ഞത്.
അന്ന് വിളിച്ചപ്പോഴും വീട്ടികാര്‍ ഭീഷണിപ്പെടുത്തിയെന്ന് രവീന്ദര്‍ പറയുന്നു. പിന്നീട് രവീന്ദറിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സഞ്ജീതയെ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്.












Click it and Unblock the Notifications