ശബരിമലയില്‍ രൂപമാറ്റം അംഗീകരിക്കില്ല:തന്ത്രിസമാജം
പറവൂര്‍: ശബരിമല ക്ഷേത്രത്തിന്റെ അടിസ്ഥാനരൂപത്തിന് മാറ്റം വരുത്തുന്ന ഒരു നിര്‍ദേശവും അംഗീകരിക്കാനാകില്ലെന്ന് അഖിലകേരള തന്ത്രിസമാജം വ്യക്തമാക്കി.
ശബരിമലയില്‍ ക്ഷേത്രത്തിന്റെ നിലവിലുള്ള ശ്രീകോവിലും പതിനെട്ടാംപടിയും കാലോചിതമായ മാറ്റം വരുത്തണം എന്ന കോടതി നിര്‍ദേശം ശാസ്ത്രവിരുദ്ധമാണ്.
ക്ഷേത്രസങ്കല്പത്തില്‍ ശ്രീകോവില്‍, നമസ്‌കാരമണ്ഡപം, വാതില്‍മാടം, ധ്വജം എന്നിവയെല്ലാം ക്ഷേത്രപുരുഷന്റെ അവയവങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഇവയെല്ലാം തന്നെ കൃത്യമായ കണക്കുകള്‍കൊണ്ട് ബന്ധപ്പെട്ടിരിക്കുന്നു.
ആയതുകൊണ്ട് ഒരു അവയവത്തിന് മാത്രമായി മാറ്റംവരുത്തുന്നത് ശാസ്ത്രത്തിനും സമ്പ്രദായത്തിനും നിരക്കാത്തതാണ്- തന്ത്രിസമാജം സംസ്ഥാന പ്രസിഡന്റ് വേഴപ്പറമ്പ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് പറഞ്ഞു.
ഇക്കാര്യത്തില്‍ ശബരിമല തന്ത്രി കണ്ഠരരു മഹേശ്വരരുടെ അഭിപ്രായം തന്ത്രിസമാജം സ്വാഗതം ചെയ്തു. വിഷയത്തില്‍ ക്ഷേത്രം തന്ത്രിയുടെയും തച്ചുശാസ്ത്ര തന്ത്രശാസ്ത്ര വിദഗ്ദ്ധരുടെയും അഭിപ്രായവും അംഗീകാരവും തേടണമെന്നും സമാജം ജനറല്‍ സെക്രട്ടറി പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications