സര്‍വ്വകലാശാലാ വിസി അപമാനിച്ചുവെന്ന് അധ്യാപിക
കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണങ്ങളുമായി അധ്യാപിക രംഗത്ത്.
വിസി ഡോക്ടര്‍ ജെ പ്രസാദിനെതിരെ ജിയോഗ്രഫി വിഭാഗം മേധാവിയായ ഡോക്ടര്‍ ടിഎസ് ലാന്‍സലറ്റാണ് ആരോപണമുയര്‍ത്തിയിരിക്കുന്നത്. തന്നെ വിസി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന് അധ്യാപിക പൊലീസിന് നല്‍കിയ പരാതിയില്‍പറയുന്നു.
ഹോസ്റ്റലുമായി ബന്ധപ്പെട്ട യോഗമുണ്ടെന്ന് കാമ്പസ് ഡയറക്ടര്‍ ഡോക്ടര്‍ ബി. ചന്ദ്രിക അറിയിച്ചതിനെ തുടര്‍ന്ന് താന്‍ വൈസ് ചാന്‍സലറുടെ ചേമ്പറിലെത്തിയെന്നും. അപ്പോള്‍ അഞ്ചു വര്‍ഷം മുന്‍പ് താന്‍ ഹോസ്റ്റല്‍ ഡെപ്യൂട്ടി വാര്‍ഡനായിരുന്ന കാലയളവിലെ കണക്കുകള്‍ കാണാനില്ലെന്നും ഈ പൈസ തിരികെ അടയ്ക്കണമെന്ന് വി.സി. ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ മതിയായ രേഖകളില്ലാതെ ആരോപിക്കപ്പെടുന്ന തുക അടയ്ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ വി.സി. രോഷാകുലനാവുകയും പത്രങ്ങളില്‍ വാര്‍ത്ത നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് അധ്യാപികയുടെ ആരോപണം.
പിഎച്ച്ഡി പ്രബന്ധം പൂര്‍ത്തിയാക്കുന്നതിനായി ലീവില്‍ പ്രവേശിച്ച സമയത്ത് എല്ലാ രേഖകളും വ്യക്തമായ കണക്കുകളും അന്നത്തെ കാമ്പസ് ഡയറക്ടറെ ഏല്‍പ്പിച്ചാണ് പോയതെന്ന വിശദീകരണം ചെവിക്കൊള്ളാന്‍ വൈസ് ചാന്‍സലര്‍ തയ്യാറായില്ല- പരാതിയില്‍ പറയുന്നു.
എന്നാല്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. ജെ. പ്രസാദ് പറഞ്ഞു. ഹോസ്റ്റലില്‍ പ്രവേശനം നല്‍കിയ കുട്ടികളില്‍ നിന്ന് കോഷന്‍ ഡെപ്പോസിറ്റായി വാങ്ങിയ തുകയില്‍ 46,000 രൂപയുടെ കുറവുണ്ട്.
ഇതിന്റെ കണക്കുകളൊന്നും കാണുന്നുമില്ല. മുന്‍പ് ചാര്‍ജുണ്ടായിരുന്ന ആളും പുതിയ ആളും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാനാണ് താന്‍ ആവശ്യപ്പെട്ടതെന്നും വി.സി വിശദീകരിച്ചു.












Click it and Unblock the Notifications