പ്രമേഹക്കാര്‍ക്ക് തീവണ്ടിയില്‍ പ്രത്യേക ഭക്ഷണം
ദില്ലി: ഇനി പ്രമേഹരോഗികള്‍ക്ക് തീവണ്ടിയാത്രയില്‍ പ്രത്യേക ഭക്ഷണം. കഴിഞ്ഞ ലോക പ്രമേഹദിനത്തില്‍ പ്രമേഹരോഗികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ തീവണ്ടികളില്‍ ഇവര്‍ക്ക് കഴിയ്ക്കാവുന്ന ഭക്ഷണങ്ങള്‍ ഒരുക്കുന്നത്. സസ്യവിഭവങ്ങളും സസ്യേതര വിഭവങ്ങളും ഉള്‍പ്പെടുന്ന ഡയബെറ്റിക് ഡിലൈറ്റ് ആണ് തീവണ്ടികളില്‍ ഒരുങ്ങുന്നത്.
കഴിഞ്ഞയാഴ്ചയാണ് കാറ്ററിങ് സേവനയില്‍ റെയില്‍വേ ബോര്‍ഡ് സ്വന്തം നിലയില്‍ ഏറ്റെടുത്തത്. ഇതിന് മുമ്പ് ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷനാണ് കേറ്ററിങ് ബിസിനസ് നടത്തിയിരുന്നത്. തീവണ്ടിയില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെപ്രതി ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് റെയില്‍വേ ഇത് സ്വന്തം നിലയില്‍ ചെയ്യാന്‍ തീരുമാനിച്ചത്.
ഹൗറ രാജധാനി എക്‌സ്പ്രസ്, തുരന്തോ എക്പ്രസ് എന്നീ വണ്ടികളിലാണ് ആദ്യം ഡയബെറ്റിക് മെനു നിലവില്‍വരുക. പിന്നീട് ഇത് മറ്റ് മെയില്‍, എക്‌സ്പ്രസ് തീവണ്ടികളിലും ലഭ്യമാക്കും. തക്കാളി സൂപ്പ്, ധാല്‍ ഹരിയാലി, പുഴുക്കലരിച്ചോറ്, മീന്‍ കറി, വെജിറ്റബിള്‍ കുറുമ, മേത്തി ചിക്കന്‍, മേത്തി മതര്‍ മലായ്, പ്യാജ് കി റോട്ടി, ഷുഗര്‍ ഫ്രീ ഐസ് ക്രീം എന്നിവയെല്ലാം ഡയബെറ്റിക് മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം വളരെ ഏറെയാണ്, അതുകൊണ്ടുതന്നെ തീവണ്ടിയാത്രക്കാരിലും ഒട്ടേറെപ്പേര്‍ തങ്ങള്‍ക്കു ചേരുന്ന ഭക്ഷണം കഴിയ്ക്കാന്‍ കഴിയാതെ ബുദ്ധുമുട്ടുന്നു. ഇത് കണക്കിലെടുത്താണ് റെയില്‍വേയുടെ പുതിയ സേവനം.
രാജധാനിയിലും തുരന്തോയിലും ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ സ്ലിപ്പില്‍ ഭക്ഷണങ്ങളുടെ വിവരങ്ങളും നല്‍കും. ഇതില്‍ ഭക്ഷണത്തിന്റെ വിലയും രേഖപ്പെടുത്തിയിരിക്കും. മറ്റു തീവണ്ടികളില്‍ യാത്രചെയ്യുന്ന പ്രമേഹരോഗികള്‍ക്ക് യാത്രക്കിടെ വേണ്ട ഭക്ഷണം വാങ്ങുവാനും സൗകര്യമുണ്ടാകും.












Click it and Unblock the Notifications