കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ജീവപര്യന്തം
തിരുവനന്തപുരം: അപകടത്തില്‍ സ്ത്രീ മരിച്ചതിന് ഡ്രൈവര്‍ക്ക് ജീവപര്യന്തം. തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബാലചന്ദ്രനാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. 50,000 രൂപ പിഴയും അടയ്ക്കേണ്ടതുണ്ട്.
തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് അഡിഷണല്‍ സെഷന്‍സ് ജഡ്ജി പി. സോമരാജനാണ് വിധി പ്രസ്താവിച്ചത്. അംഗവൈകല്യമുള്ള സ്ത്രീയെ കരുതിക്കൂട്ടി വാഹനം മുട്ടി കൊലപ്പെടുത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഗവണ്മെന്റ് ആയുര്‍വേദ കോളെജ് ജീവനക്കാരിയായിരുന്ന തങ്കച്ചി (37) യാണ് ബാലചന്ദ്രന്‍ ഓടിച്ചിരുന്ന വാഹനം ഇടിച്ച് മരിച്ചത്. 2006 ഏപ്രില്‍ 26 നായിരുന്നു സംഭംവം.
മുന്‍ വൈരാഗ്യമാണ് അപകടം ഉണ്ടാക്കാന്‍ കാരണമായി പ്രോസിക്യൂഷന്‍ ആരോപിച്ചത്. മുക്കോല കവലയില്‍ ബസ്സില്‍ നിന്ന് ഇറങ്ങിയ തങ്കച്ചി ബസ്സിന്റെ പിന്നില്‍ റോഡ് മുറിച്ച് കടക്കാനായി നില്‍ക്കുകയായിരുന്നു. അപ്പോള്‍ പെട്ടെന്ന് പിന്നിലേയ്ക്കെടുത്ത വാഹനം തങ്കച്ചിയെ ഇടിച്ച് വീഴ്ത്തി. തങ്കച്ചി ടയറിനടിയിലായി. തങ്കച്ചിയെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് ബാലചന്ദ്രന്‍ വാഹനം പിന്നിലേയ്ക്കെടുത്തതെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
മുക്കോല കവലയില്‍ ബസ് നിറുത്താതെ പോകുന്നതിന് ബാലചന്ദ്രനെതിരെ തങ്കച്ചി ട്രാന്‍സ്‍പോര്‍ട്ട് അധികൃതര്‍ക്ക് നേരത്തേ പരാതി നല്‍കിയിരുന്നു. അംഗ വൈകല്യം കാരണം ശരിയായി നടക്കാന്‍ കഴിയാത്ത തങ്കച്ചിയ്ക്കും ബസ് കാത്ത് നില്‍ക്കുന്ന മറ്റുള്ളവര്‍ക്കും ഉണ്ടാവുന്ന വിഷമതകള്‍ കാണിച്ചായിരുന്നു തങ്കച്ചി പരാതി നല്‍കിയത്. അതിന് ബാലചന്ദ്രന് അധികൃതരില്‍ നിന്ന് താക്കീത് ലഭിച്ചിരുന്നു. ഈ പക തീര്‍ക്കലായിരുന്നു ബാലചന്ദ്രന്റെ ഉദ്ദേശം എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.
സംഭവ സമയത്ത് ബസ്സിലുണ്ടായിരുന്നവരും പരിസരത്ത് ഉണ്ടായിരുന്നവരുമായി 16 സാക്ഷികളെ കോടതി വിസ്തരിച്ചു. 16 തെളിവുകളും പ്രോസിക്യൂഷന്‍ ബാലചന്ദ്രനെതിരെ ഹാജരാക്കി. പിന്‍ ടയറും മുന്‍ ടയറും തങ്കച്ചിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങിയതായാണ് ഫോറന്‍സിക്ക് അധികൃതര്‍ കണ്ടെത്തിയത്. അപകടം അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നതിന് തെളിവാണിതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.












Click it and Unblock the Notifications