ബഹളം: സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു

പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ നടപടികള്‍ നിര്‍ത്തിവക്കുകയായിരുന്നു. ഭൂമി കൈയേറ്റ പ്രശ്‌നത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ബഹളം വച്ചത്.
ഭൂമി കയ്യേറ്റ പ്രശ്‌നത്തില്‍ പുതിയ അന്വേഷണ കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി കയ്യേറിയ ഭൂമാഫിയക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.
ഭൂമി കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ പേരെടുത്തു പരാമര്‍ശിച്ച ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് സര്‍ക്കാര്‍ പുതിയ അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്നും ഇത് നടപടിയില്‍ കാലതാമസം വരുത്താന്‍ വേണ്ടിയാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
ഭൂമി കയ്യേറ്റം സംബന്ധിച്ച അന്വേഷണം വൈകിപ്പിക്കുന്നത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുഖം രക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും ആരോപിച്ചു.
എന്നാല്‍, ഭൂമി കയ്യേറ്റം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുമെന്നും റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‍ മറുപടി നല്‍കി. ഇതോടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.












Click it and Unblock the Notifications