മോഡിയെ ചോദ്യം ചെയ്‌തേക്കും
അഹമ്മദാബാദ്: സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ വധക്കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ചോദ്യം ചെയ്യുമെന്ന് സൂചന. അന്വേഷണസംഘം ഇതിനായി സിബിഐ ആസ്ഥാനത്തു നിന്ന് അനുമതി തേടുമെന്ന് സൂചനകളുണ്ട്.
സൊറാബുദ്ദീന്‍ കേസില്‍ സംസ്ഥാന പോലീസ് നടത്തിയ അന്വേഷണം അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളെപ്പറ്റി അറിയാനാണ് നരേന്ദ്രമോഡിയെ ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍്ട്ടുകള്‍. അങ്ങനെയെങ്കില്‍ ഇക്കൊല്ലം മോഡി നേരിടുന്ന രണ്ടാമത്തെ ചോദ്യം ചെയ്യലാകുമത്. നേരത്തേ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
അതേസമയം ഗുജറാത്തിലെ മുന്‍പോലീസ് മേധാവി പിസി പാണ്ഡെയെയും സൊറാബുദ്ദീന്‍ കേസ് നേരത്തേ അന്വേഷിച്ച സംസ്ഥാന പോലീസ് സംഘത്തിന് നേതൃത്വം നല്‍കിയ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഗീതാ ജോഹ്‌രിയെയും സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. സംസ്ഥാന പോലീസ് അന്വേഷണം നടത്തിയ കാലത്ത് ഡിജിപി ആയിരുന്നു പാണ്ഡെ.
ഇതേ കേസില്‍ അറസ്റ്റിലായി സബര്‍മതി ജയിലില്‍ കഴിയുന്ന മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷായെ സിബിഐ സംഘം ബുധനാഴ്ചയും വ്യാഴാഴ്ചയും ചോദ്യം ചെയ്തു. കോടതിയുടെ അനുമതിയോടെ ജയിലില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഷാ സഹകരിച്ചില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications