എയര്‍ ഇന്ത്യ ദോഹ വിമാനം 27 മണിക്കൂര്‍ വൈകി

വെള്ളിയാഴ്ച രാത്രി 7.45ന് തിരുവനന്തപുരത്തുനിന്നു ദോഹയ്ക്കു പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ഒന്നരദിവസത്തോളം വൈകിയത്. ദാഹജലം പോലെ കിട്ടാതെ വലഞ്ഞയാത്രക്കാര്‍ ഒടുവില്‍ പ്രതിഷേധവുമായി റോഡിലിറങ്ങുകയും ചെയ്തു.
തുടര്‍ച്ചയായി ഒരു ദിവസത്തില്‍ കൂടുതല്‍ വിശ്രമമില്ലാതെ ജോലി ചെയ്യാനാവില്ലന്നു ചൂണ്ടിക്കാട്ടി ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ തയാറാകാത്തതു മൂലമാണ് വിമാനം പുറപ്പെടാന്‍ വൈകിയത്്.
ആദ്യം വിമാനത്തില്‍ നിന്നിറങ്ങാതെയും പിന്നീട് വിമാനത്താവളത്തില്‍ ബഹളംവച്ചും പ്രതിഷേധിച്ച യാത്രക്കാര്‍ ഒടുവില്‍ ഗത്യന്തരമില്ലാതെ കിഴക്കേക്കോട്ടയില്‍ റോഡ് ഉപരോധിക്കാന്‍ തുനിഞ്ഞെങ്കിലും പോലീസ് തടയുകയായിരുന്നു.
ഇതിനിടെ, ദില്ലിയില്‍നിന്നും മുംബൈയില്‍നിന്നും വിമാന ജീവനക്കാരെ എത്തിച്ചു പ്രശ്‌നം പരിഹരിക്കാന്‍ എയര്‍ ഇന്ത്യാ അധികൃതര്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായി. വൈകുന്നേരം ഉറപ്പായും വിമാനം പുറപ്പെടുമെന്ന അധികൃതരുടേയും എയര്‍പോര്‍ട്ട് മാനേജരുടേയും മറ്റും രേഖാമൂലമുള്ള ഉറപ്പിന്‍മേല്‍ യാത്രക്കാര്‍ ഹോട്ടലുകളിലേക്കു മടങ്ങി.
യാത്ര പുറപ്പെടാന്‍ തയാറായി വിമാനത്താവളത്തിലെത്തിയപ്പോള്‍ ആദ്യം അഞ്ചിന് പുറപ്പെടുമെന്നും പിന്നീട് വിശ്രമം കഴിഞ്ഞ് ജീവനക്കാര്‍ എത്തിയശേഷം പുലര്‍ച്ചെ രണ്ടു മണിക്കേ പുറപ്പെടാനാവൂ എന്നുമാണ് അധികൃതര്‍ യാത്രക്കാരെ അറിയിച്ചത്. അധികൃതര്‍ വീണ്ടും വാക്കു വിഴുങ്ങിയപ്പോള്‍ യാത്രക്കാര്‍ ടിക്കറ്റ് തുക മടക്കി നല്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, എയര്‍ ഇന്ത്യക്ക് റീ ഫണ്ടിംഗ് ഇല്ലെന്നും ടിക്കറ്റ് തുക തിരികെ നല്കാനാവില്ലെന്നുമായിരുന്നു അധികൃതരുടെ നിലപാട്. ഇതില്‍ പ്രതിഷേധിച്ചാണ് എഴുപതോളം യാത്രക്കാര്‍ കിഴക്കേക്കോട്ടയില്‍ റോഡ് ഉപരോധിക്കാന്‍ എത്തിയത്.
ഇതിനിടെ, വി. ശിവന്‍കുട്ടി എംഎഎല്‍എ, മേയര്‍ സി.ജയന്‍ ബാബു, എയര്‍ ഇന്ത്യാ സ്റ്റേഷന്‍ മാനേജര്‍ ജ്യോതിപ്രകാശ് എന്നിവര്‍ ഹോട്ടലുകളിലെത്തി യാത്രക്കാരെ കണ്ടു പുലര്‍ച്ചെ രണ്ടിന് വിമാനം പുറപ്പെടുമെന്ന്് ഉറപ്പു നല്കിയതിനെതുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
മംഗലാപുരം വിമാനദുരന്തത്തെതുടര്‍ന്ന് വിമാനത്തിലെ പൈലറ്റ് ഉള്‍പ്പെടെയുള്ളജീവനക്കാര്‍ 19 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ പാടില്ലെന്നാണ് എയര്‍പോര്‍ട്ട് അഥോറിട്ടി നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. 19 മണിക്കൂര്‍ ഡ്യൂട്ടി കഴിഞ്ഞാല്‍ 11 മണിക്കൂര്‍ വിശ്രമം അനുവദിച്ച ശേഷം മാത്രമേ അടുത്ത ഡ്യൂട്ടിക്ക് നിയോഗിക്കാനാവൂ.
എന്നാല്‍, ജീവനക്കാരുടെ കുറവു മൂലം എയര്‍ഇന്ത്യക്ക് ഇതു പാലിക്കാനാവുന്നില്ല. വിമാനം അനിശ്ചിതമായി വൈകിയതു മൂലം യാത്രക്കാര്‍ക്കു നേരിട്ട ബുദ്ധിമുട്ടുകള്‍ ഒട്ടേറെയാണ്.
കൈക്കുഞ്ഞുങ്ങളുമായി എത്തിയ സ്ത്രീകളാണ് ഏറ്റവും ദുരിതം പേറിയത്. വിമാനത്തിനുള്ളില്‍ കുട്ടികള്‍ക്കു പോലും വെള്ളം കൊടുക്കാന്‍ തയാറാകാതിരുന്ന എയര്‍ ഇന്ത്യാ ജീവനക്കാരുടെ പെരുമാറ്റം വളരെ മോശമായിരുന്നുവെന്നു പല യാത്രക്കാരും പരാതിപ്പെട്ടു.












Click it and Unblock the Notifications