ദേശീയ പാത: വീതി കുറയ്ക്കില്ലെന്ന് കേന്ദ്രം
തിരുവനന്തപുരം: ദേശീയപാതയുടെ വീതി 45 മീറ്ററില്‍ കുറയ്ക്കാന്‍ പറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യത്തിലെ അന്തിമ നിലപാടാണ് ഇത്.
നിര്‍മാണത്തിലെ സ്വകാര്യപങ്കാളിത്തം ഒഴിവാക്കണമെന്ന ആവശ്യവും പരിഗണിക്കില്ല. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് പുനപ്പരിശോധിക്കാനായി ആഗസ്ത് 17 ന് സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ദില്ലിയില്‍ ചേര്‍ന്ന യോഗത്തിലാണ് കേന്ദ്രം തീരുമാനം അറിയിച്ചതെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പുകേന്ദ്രങ്ങള്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസാണ് യോഗത്തില്‍ പങ്കെടുത്തത്. വീതി 30 മീറ്ററാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം യോഗത്തില്‍ വ്യക്തമാക്കി.
ഈ നിലപാട് സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം ഉടന്‍തന്നെ അറിയിക്കുമെന്നും പറഞ്ഞു. ഈ സാഹചര്യത്തിലാണ് എത്രയുംവേഗം സര്‍വകക്ഷിയോഗം വിളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്രത്തിന്റെ കത്ത് ഇനിയും സര്‍ക്കാരിന് കിട്ടിയിട്ടില്ല.
കേരളത്തിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ദേശീയപാതയുടെ വീതി 30 മീറ്റര്‍ മതിയെന്ന് നേരത്തെ ചേര്‍ന്ന സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടിരുന്നു. ബി.ഒ.ടി രീതിയില്‍ സ്വകാര്യ പങ്കാളിത്തവും പാടില്ല. ഈ ആവശ്യം സര്‍വകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവരെ ധരിപ്പിച്ചിരുന്നു.
എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്ര സഹമന്ത്രി കേരളത്തിലെത്തിയപ്പോള്‍ പറഞ്ഞത്. വീതി ഏറ്റവും കുറഞ്ഞത് 45 മീറ്ററാക്കിയില്ലെങ്കില്‍ ദേശീയപാത എന്ന പദവി നഷ്ടപ്പെടുമെന്നും അറിയിച്ചിരുന്നു.
പാതയുടെ വീതി 30 മീറ്ററേ പാടുള്ളൂവെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞദിവസം കടകളടച്ച് പ്രക്ഷോഭം നടത്തിയിരുന്നു.












Click it and Unblock the Notifications