ലോട്ടറി റെയ്ഡ്: രൂപയും സ്വര്‍ണവും കണ്ടെത്തി
കൊച്ചി: കൊച്ചിയിലെ ഒരു ലോട്ടറി ഏജന്‍സിയില്‍ ആദായ നികുതി വകുപ്പ് റെയ്‍്ഡ് നടത്തി. മറ്റ് സംസ്ഥാനങ്ങളിലെ ലോട്ടറികള്‍ വില്‍ക്കുന്ന എറണാകുളത്തെ ശിങ്കാരം ഏജന്‍സിയുടെ ഓഫീസ് കം ഗോഡൗണിലും ഉടമയുടെ വീട്ടിലുമായിരുന്നു റെയ്‍ഡ്.
എട്ടുവര്‍ഷമായി നികുതി അടയ്ക്കാതെയാണ് ലോട്ടറി ഏജന്‍സി പ്രവര്‍ത്തിച്ചതെന്ന് ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിക്കിം, ഭൂട്ടാന്‍ ലോറട്ടറികളുടെ മൊത്ത വിതരണ ഏജന്‍സിയാണ് ശിങ്കാരം.
റെയ്‍ഡില്‍ ഒരു കോടിയോളം രൂപയും ഒന്നരക്കിലോ വെള്ളിയും സ്വര്‍ണനാണയങ്ങളും പിടിച്ചെടുത്തതായാണ് കരുതുന്നത്. 4.5 കോടി രൂപയുടെ ബാങ്ക് ഇടപാടുകളുടെയും 12 ലക്ഷം രൂപ ഫിക്‌സഡ് ഡിപ്പോസിറ്റ് ചെയ്തതിന്റെയും ഭൂമി വാങ്ങിയതിന്റെയും രേഖകള്‍ കണ്ടെടുത്തു.
രാവിലെ പതിനൊന്ന് മണിയോടെയാണ് റെയ്‍ഡ് തുടങ്ങിയത്. എറണാകുളം നോര്‍ത്തിനു സമീപമാണ് ശിങ്കാരം ഏജന്‍സയുടെ ഓഫീസ്. ചാക്കില്‍ കെട്ടിവെച്ച നിലയില്‍ ലോട്ടറിടുക്കറ്റുകള്‍ ഇവിടെ കണ്ടെത്തി. ഇത് വ്യാജ ടിക്കറ്റുകളാണോ എന്ന് പരിശോധനയ്ക്ക് വിധേയമാക്കും. കണക്കില്‍ പെടാത്ത ലക്ഷക്കണക്കിന് രൂപയും കണ്ടെടുത്തു. ഏജന്‍സി ഉടമ ശിങ്കാരം രാമസ്വാമി ചെട്ടിയാരുടെ അയ്യപ്പന്‍കാവിലെ വീട്ടിലും റെയ്ഡ് നടത്തി. ഇവിടെനിന്നാണ് വെള്ളിയും സ്വര്‍ണവും കണ്ടെടുത്തത്. നികുതിവെട്ടിച്ച് ലോട്ടറി വില്പന നടത്തുന്നതിന്റെ തെളിവുകള്‍ ലഭിച്ചതായി സൂചനയുണ്ട്. ലോട്ടറി ഏജന്‍സിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.
ഭാഗ്യക്കുറി ടിക്കറ്റ് വില്പനയുടെ കമ്മീഷന്റെ 30 ശതമാനവും സമ്മാനം ലഭിക്കുമ്പോള്‍ കിട്ടുന്ന വിഹിതത്തിന്റെ പത്തുശതമാനവും ആദായനികുതിയായി അടയ്ക്കണം. എന്നാല്‍ ശിങ്കാരം ഏജന്‍സി ഇത് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications