പഞ്ചായത്ത് തിരഞ്ഞെടുപ്പ് നീണ്ടേയ്ക്കും

ചില ബ്ലോക്ക് പഞ്ചായത്തുകളുടെ പുനസ്സംഘടന റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രതിസന്ധിയിലായിരിക്കുന്നത്.
കേസില്‍പ്പെട്ട ആറ് ജില്ലാ പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള 22 സ്ഥാപനങ്ങളില്‍ സപ്തംബറില്‍ തിരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഇതിനകം ഉറപ്പായി.
ഒന്നുകില്‍ ഇവ ഒഴിവാക്കിയുള്ള മറ്റ് സ്ഥലങ്ങളില്‍ സപ്തംബറില്‍ തിരഞ്ഞെടുപ്പ് നടത്തുക. അല്ലെങ്കില്‍ എല്ലായിടത്തും ഒരുമിച്ച് നടത്താവുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് ഒക്ടോബറിലേക്ക് നീട്ടിവെക്കുക എന്നിങ്ങനെ രണ്ട് രീതിയാണ് അധികൃതര്‍ക്ക മുന്നിലുള്ളത്.
എന്നാല്‍ ഈ രണ്ട് മാര്‍ഗങ്ങള്‍ക്കും പ്രായോഗിക വൈഷമ്യങ്ങള്‍ ഏറെയുള്ളതിനാല്‍ എന്തുവേണമെന്ന പ്രതിസന്ധിയിലാണ് സര്‍ക്കാര്‍. ചൊവ്വാഴ്ചയോടെ ഇക്കാര്യത്തില്‍ ഒരു ധാരണയുണ്ടാവുമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ കരുതുന്നത്.
തദ്ദേശസ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഇപ്പോള്‍ വിജയവാഡയില്‍ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുകയാണ്. അദ്ദേഹം തിരിച്ചെത്തിക്കഴിഞ്ഞേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവൂ.
രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നറിയുന്നു. എന്നാല്‍ രണ്ടു ഘട്ടത്തിലെ തിരഞ്ഞെടുപ്പ് സര്‍ക്കാരിനും കമ്മീഷനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഒട്ടേറെ ബുദ്ധിമുട്ടുണ്ടാക്കും.
തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെങ്കില്‍ സര്‍ക്കാര്‍ കമ്മീഷനോട് അഭ്യര്‍ഥിക്കണം. ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ സമവായത്തിനും സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. സര്‍ക്കാര്‍ ആവശ്യപ്പെടുന്നതുപോലെ ചെയ്യാന്‍ തയ്യാറാണെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്.
ഭരണഘടനാവ്യവസ്ഥ പ്രകാരം ഒക്ടോബര്‍ രണ്ടിന് പുതിയ പഞ്ചായത്ത് ഭരണസമിതികള്‍ നിലവില്‍വരണം. ഇത് നീട്ടിവെക്കാന്‍ നിയമപരമായ തടസ്സമുണ്ട്. അങ്ങനെയാണെങ്കില്‍ കുറച്ചുകാലത്തേക്ക് പഞ്ചായത്തുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തേണ്ടിവരും.
വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച് നാലോളം കേസുകള്‍ ഇനിയും കോടതിയുടെ പരിഗണനയിലുണ്ട്. ചൊവ്വാഴ്ചയോടെ ഇവയിലും വിധിയുണ്ടാവുമെന്ന് കരുതുന്നു.
ആറ് ജില്ലാ പഞ്ചായത്തുകള്‍ ഉള്‍പ്പെടെ 22 സ്ഥാപനങ്ങളിലേക്കാണ് വൈകി തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുക. ഇപ്രകാരം ചെയ്യുമ്പോള്‍ അഞ്ചു കോടി രൂപയെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന് അധികം വേണ്ടിവരും. നീണ്ടകാലം തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നിലനില്‍ക്കുമെന്നതിനാല്‍ സര്‍ക്കാരിന്റെ അവസാനവര്‍ഷത്തെ പല പദ്ധതികള്‍ക്കും ഇക്കാലത്ത് തുടക്കംകുറിക്കാനാവില്ല.












Click it and Unblock the Notifications