തീവണ്ടിയില്‍ പീഡനശ്രമം; വിമുക്തഭടന്‍ അറസ്റ്റില്‍
തിരുവനന്തപുരം: മലബാര്‍ എക്‌സ്പ്രസില്‍ മാതാപിതാക്കളോടൊപ്പം സഞ്ചരിച്ചിരുന്ന പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിമുക്തഭടന്‍ പിടിയില്‍.
പത്തനംതിട്ട കോന്നി സ്വദേശി കിഴക്കേചിറയ്ക്കല്‍ വീട്ടില്‍ സുരേഷ് ബാബു(45)വാണു പിടിയിലായത്. പീഡനശ്രമത്തില്‍ ഭയന്നുപോയ ബാലികയ്ക്ക് മണിക്കൂറുകളോളം സംസാരശേഷി നഷ്ടപ്പെട്ടു.
സംഭവത്തെത്തുടര്‍ന്നു കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ ഇയാളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതു ട്രെയിനുള്ളില്‍ സംഘര്‍ഷത്തിനിടയാക്കി. റെയില്‍വേ സംരക്ഷണസേന കസ്റ്റഡിയിലെടുത്ത ഇയാളെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.കെ. അനുജന്‍ മുമ്പാകെ ഹാജരാക്കി കോട്ടയം സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ എറണാകുളം മുളന്തുരുത്തിയില്‍ വച്ചാണു പീഡനശ്രമമുണ്ടായത്. കോട്ടയം മോനിപ്പിളളി സ്വദേശികളായ ദമ്പതികളുടെ മകളാണ് പീഡനശ്രമത്തിന് ഇരയായത്. ഏഴാം തീയതി പയ്യന്നൂരില്‍നിന്നു കോട്ടയം വഴി തിരുവനന്തപുരത്തേക്കു പുറപ്പെട്ട മലബാര്‍ എക്‌സ്പ്രസിലെ എസ്8 സ്ലീപ്പര്‍ കോച്ചിലായിരുന്നു സംഭവം.
മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്നു പെണ്‍കുട്ടി. മധ്യത്തിലെ ബര്‍ത്തിലാണു പെണ്‍കുട്ടി കിടന്നിരുന്നത്. മേലെയുള്ള ബര്‍ത്തില്‍ അമ്മയും താഴെ അച്ഛനും.
കുട്ടി കിടന്നതിന് എതിര്‍വശത്തെ ബര്‍ത്തില്‍ കിടന്ന സുരേഷ് ബാബു മുളന്തുരുത്തിയില്‍ വച്ച് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതു കണ്ട് തൊട്ടപ്പുറത്തുണ്ടായിരുന്ന സ്ത്രീ നിലവിളിച്ചു.
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ഉണര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ആദ്യശ്രമത്തില്‍ത്തന്നെ ഭയന്നുപോയ കുട്ടി പ്രതികരിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു.
മണിക്കൂറുകള്‍ക്കു ശേഷം കുട്ടി നല്‍കിയ മൊഴിയില്‍നിന്നാണ് ഇയാള്‍ പലതവണ ഉപദ്രവിച്ചെന്നു മനസിലായത്. പയ്യന്നൂരില്‍നിന്നു വരികയായിരുന്ന സുരേഷ് ബാബു ഏഴിമല നാവിക അക്കാദമിയിലെ കോണ്‍ട്രാക്ടറാണ്.












Click it and Unblock the Notifications