ആയിരങ്ങള്‍ ബലിയിട്ടു, ഒരാളെ കാണാതായി
തിരുവനന്തപുരം: കര്‍ക്കിടക വാവ് ദിവസമായ ഓഗസ്റ്റ് ഒമ്പത് തിങ്കളാഴ്ച ആയിരക്കണക്കിന് ആളുകള്‍ വിവിധ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ പിതൃബലി അര്‍പ്പിച്ചു.
വേങ്ങരയ്ക്കടുത്ത് അമ്പലമാടില്‍ ബലിതര്‍പ്പണത്തിതനിടെ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. തൊണ്ണത്ത് കുഞ്ഞിക്കുട്ടനെയാണു (40) കാണാതായത്. ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ നടക്കുന്നുണ്ട്.
തിരുവനന്തപുരത്തെ തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുംമുഖം കടപ്പുറം, വര്‍ക്കല കടപ്പുറം, അരുവിക്കര, ആലുവ മണപ്പുറം തിരുനെല്ലി പാപനാശിനി, തിരുനാവായ, വര്‍ക്കല പാപനാശം തുടങ്ങിയ ബലിതര്‍പ്പണ കേന്ദ്രങ്ങളിലായിരുന്നു പ്രധാനം ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്. എല്ലാ കേന്ദ്രങ്ങളിലും അതിരാവിലെ മൂന്ന് മണിമുതല്‍ തന്നെ ബലിയിടാനായി ആളുകള്‍ എത്തിതുടങ്ങിയിരുന്നു. ഈ പ്രധാന കേന്ദ്രങ്ങള്‍ക്ക് പുറമേ കേരളത്തിലുടനീളം ആയിരക്കണക്കിന് പുഴക്കടവുകളിലാണ് തിങ്കളാഴ്ച ബലിതര്‍പ്പണം നടന്നത്.
എല്ലാസ്ഥലങ്ങളിലും വന്‍ തിരക്ക് കാരണം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് തിരുവിതാങ്കൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ അംഗീകരിച്ച കാര്‍മ്മികരെ മാത്രമേ ബലിയിടലിന് നേതൃത്ത്വം കൊടുക്കാന്‍ അനുവദിച്ചുളളു. അംഗീകാരം ഇല്ലാത്ത ചിലര്‍ പ്രശ്നം ഉണ്ടാക്കിയെങ്കിലും പൊലീസ് അവരെ ഒഴിവാക്കി വിട്ടു.
പിതൃക്കളുടെയും ദേവന്മാരുടെയും പകലുകളൊന്നിക്കുന്ന ദിവസമാണ് കര്‍ക്കടകത്തിലെ അമാവാസി ദിനമെന്നും പിതൃക്കള്‍ക്ക് ബലി അര്‍പ്പിച്ച് മോക്ഷമേകാന്‍ അനുയോജ്യമാണ് ഈ ദിവസമെന്നുമാണ് സങ്കല്പം.
ആലുവയില്‍ ഒമ്പതാം തീയതിയും പത്താം തീയതിയും വാവുബലി ചടങ്ങുകള്‍ നടക്കും. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ബലിയര്‍പ്പിക്കാനെത്തുന്ന ഭക്തര്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. പെരിയാര്‍ തീരത്ത് 150 ഓളം ബലിത്തറകള്‍ ഒരുക്കിയിട്ടുണ്ട്. ഒരേസമയം ഓരോ ബലിത്തറയിലും മുപ്പതോളം പേര്‍ക്ക് ബലി അര്‍പ്പിയ്ക്കാം.
തിരുനെല്ലിയില്‍ പാപനാശിനി പുഴയില്‍ മുങ്ങിയാണ് ബലിതര്‍പ്പണം നടത്തുക. തെക്കന്‍ കാശിയായാണ് തിരുനെല്ലി അറിയപ്പെടുന്നത്.
മറ്റൊരു പ്രധാന കേന്ദ്രമായ തിരുനാവായ നാവാമുകുന്ദക്ഷേത്രത്തിലും ബലിതര്‍പ്പണത്തിനായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിയത്.
കാലവര്‍ഷമായതിനാല്‍ കടല്‍ കലുഷിതമായിരുന്നു. പുഴകളില്‍ നല്ല നീരൊഴുക്കും. അതുകൊണ്ട് അപകടം ഇല്ലാതാക്കാന്‍ സുരക്ഷാ പ്രവര്‍ത്തകരേയും ബോട്ടില്‍ മുങ്ങല്‍ വിദഗ്ദരേയും എല്ലാ സ്ഥലങ്ങളിലും ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications