സ്തന വളര്‍ച്ച: പാല്‍പ്പൊടിക്കെതിരെ അന്വേഷണം

സൈനുട്ര എന്ന കമ്പനിയുടെ പാല്‍പ്പൊടി കഴിച്ച ഹുബൈയ് പ്രവിശ്യയിലെ നവജാതരായ പെണ്‍ ശിശുക്കളിലാണ് അസാധാരണ രീതിയില്‍ സ്തനവളര്‍ച്ച കണ്ടെത്തിയത്. ആരോപണം അമേരിക്കന്‍ ഓഹരി വിപണിയായ നാസ്ഡാക്കില്‍ ലിസ്റ്റ ചെയ്തിട്ടുള്ള ചൈനീസ് കമ്പനിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. പാല്‍പ്പൊടിയില്‍ അടങ്ങിയിരിക്കുന്ന ഒരു തരം ഹോര്‍മോണാണ് സ്തനവളര്‍ച്ചയ്ക്ക് കാരണമാകുന്നതെന്ന് കരുതുന്നതായും ചൈനീസ് ആരോഗ്യമന്ത്രാലയവൃത്തങ്ങള്‍ സൂചിപ്പിച്ചു.
വേണ്ടത്ര പരിശോധനകള്‍ നടത്താതെ വിപണിയിലെത്തിച്ച സൈനുട്രയുടെ പാല്‍പ്പൊടി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം നേരത്തെ അധികൃതര്‍ തള്ളിയിരുന്നു.
കിഴക്കന്‍ നഗരമായ ക്വിന്‍ഗാഡൊ പ്രവിശ്യയിലെ മൂന്ന് നവജാതശിശുക്കളുടെ രക്ഷിതാക്കളാണ് പാല്‍പ്പൊടിക്കെതിരെ ആദ്യം പരാതിയുമായി രംഗത്തുവന്നത്. സൈനുട്രയുടെ പാല്‍പ്പൊടി ഉപയോഗിച്ച ഇവരുടെ നാലു മാസം മുതല്‍ 15 മാസം വരെ പ്രായമുള്ള മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ക്ക് കൗമാരക്കാരികളുടേതിന് സമാനമായ സ്തനവളര്‍ച്ച ഉണ്ടായി എന്നാണ് പരാതി. ബെയ്ജിങിലെ സിന്‍ഹുവയില്‍ ഇത്തരത്തിലുള്ള നാലാമതൊരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കുഞ്ഞുങ്ങളെ പ്രത്യേകം നിരീക്ഷിയ്ക്കാന്‍ ആരോഗ്യമന്ത്രാലയം മെഡിക്കല്‍ ടീമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേ സമയം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും നിയമാനുസൃതമല്ലാത്ത ഒരു ഹോര്‍മോണും പാല്‍പ്പൊടിയില്‍ ഉപയോഗിച്ചിട്ടില്ലെന്നും സൈനുട്ര വക്താവ് വിശദീകരിച്ചു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നാസ്ഡാക്കില്‍ സൈനുട്രയുടെ ഓഹരികളില്‍ 27 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.
2008ല്‍ ചൈനീസ് പാലുല്‍പ്പന്നങ്ങളില്‍ മാരക രാസവസ്തുവായ മെലാമിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ലോക വ്യാപകമായി ഇവ നിരോധിച്ചിരുന്നു. ആറു കുട്ടികള്‍ മരിയ്ക്കുകയും ഒട്ടേറെ ശിശുക്കള്‍ക്ക് രോഗബാധയുണ്ടാവുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ചൈന തൂക്കിലേറ്റിയിരുന്നു.












Click it and Unblock the Notifications