സെഷൈല്‍സ് ടെലകോം ഇനി എയര്‍ടെല്ലിന് സ്വന്തം
ദില്ലി: ആഫ്രീക്കന്‍ വന്‍കരയിലും സമീപ ദേശത്തും ആധിപത്യം ഉറപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് ഭാരതി എയര്‍ടെല്‍. നേരത്തേ വന്‍കരയിലെ ചില രാജ്യങ്ങളില്‍ ടെലകോം കമ്പനികളില്‍ നിക്ഷേപം നടത്തിയ എയര്‍ടെല്‍ ഇതാ ടെലകോം സെഷൈല്‍സിനെയാണ് ഏറ്റെടുത്തത്. സെഷൈല്‍സിലെ ഏറ്റവും വലിയ ടെലകോം കമ്പനിയാണിത്.
ആഫ്രീക്കന്‍ വന്‍കരയുടെ കിഴക്ക് ഭാഗത്ത് മെഡഗാസ്കര്‍ ദ്വീപിന് വടക്കായുള്ള ചെറിയ ഒരു ദ്വീപ സമൂഹമാണ് സെഷൈല്‍സ്. ഒരുലക്ഷത്തില്‍ താഴെയാണ് ഇവിടത്തെ ജനസംഖ്യ.
ഏതാണ്ട് 280 കോടി രൂപയ്ക്കാണ് (6.2 കോടി ഡോളര്‍) ടെലികോം സെഷൈല്‍സിനെ ഭാരതി സ്വന്തമാക്കിയത്.
കുവൈത്തിലെ സെയിന്‍ ടെലകോം ഗ്രൂപ്പിന്റെ ആഫ്രിക്കയിലെ ആസ്തികള്‍ ഈയിടെ ഭാരതി 1070 കോടി ഡോളറിന് സ്വന്തമാക്കിയിരുന്നു. ഈ ജൂണിലായിരുന്നു ഈ വാങ്ങല്‍ പ്രക്രീയ പൂര്‍ത്തിയാക്കിയത്. സെയിനിന്റെ ഓഹരികള്‍ വാങ്ങിയതോടെ ആഫ്രീക്കയിലെ 15 രാജ്യങ്ങളില്‍ എയര്‍ടെല്‍ ലഭ്യമായിരുന്നു. സെഷൈല്‍സ് ടെലകോം സ്വന്തമാക്കിയതോടെ ഇത് 16 രാജ്യങ്ങളായി. 1998 ലാണ് ടെലകോം സെഷൈല്‍സ് തുടങ്ങിയത്. ദ്വീപിലെ 57 ശതമാനം മൊബൈല്‍ ഉപയോക്താക്കള്‍ക്കും പ്രീയപ്പെട്ടത് ഇവരുടെ സേവനമാണ്. ഇപ്പോള്‍ എയര്‍ടെല്‍ ബ്രാന്റിലാണ് ഇത് അറിയപ്പെടുന്നത്.
ഇന്ത്യയില്‍ 3ജി, വയര്‍ലെസ് ബ്രോഡ്‍ബാന്‍ഡ് ലൈസന്‍സുകള്‍ ലഭിച്ച എയര്‍ടെല്‍ ഒരു സമ്പൂര്‍ണ ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡായി മാറുമെന്ന് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. ഇന്ത്യയില്‍ 21 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്.












Click it and Unblock the Notifications