റെയ്‍ഡ് :എന്‍ജിനീയറുടെ കസേരയ്ക്കടിയിലും പണം
തൃശ്ശൂര്‍: ജില്ലാപഞ്ചായത്ത് ഓഫീസിലെ ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് വകുപ്പിന്റെ എന്‍ജിനീയറിങ് വിഭാഗത്തില്‍ വന്‍ക്രമക്കേട്. ബുധനാഴ്ച വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്.
എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.സി രാമനാഥന്റെ കസേരക്കടിയിലെ കാര്‍പ്പറ്റിനുള്ളില്‍നിന്ന് 69,000 രൂപ പിടിച്ചെടുത്തു. ഇതിനു പുറമെ ഇവിടെനിന്നും 6,40,000 രൂപയും കണ്ടെത്തി. ഇതില്‍ 4,50,000 രൂപയും കണക്കില്‍പ്പെടാത്തതാണ്.
ബുധനാഴ്ച വൈകീട്ട് 5.20 മുതല്‍ ഡിവൈഎസ്പി ജ്യോതിഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച റെയ്ഡ് രാത്രി 8.30നാണ് അവസാനിച്ചത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കരാറുകള്‍ ഒരുമിച്ചുനല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഇതിന്റെ മറവില്‍ വന്‍ ക്രമക്കേട് നടക്കുന്നുവെന്ന പരാതികളെത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൃശ്ശൂര്‍ ജില്ലാപഞ്ചായത്തില്‍ 22 മരാമത്ത് കരാറുകളാണ് ബുധനാഴ്ച ഷെഡ്യൂള്‍ ചെയ്തത്.
ഇതിന്റെ അപേക്ഷാഫോമിന്റെ തുകയിലാണ് ക്രമക്കേടുകള്‍ കണ്ടത്. ജൂനിയര്‍ സൂപ്രണ്ട് വി.ആര്‍. ജോര്‍ജിന്റെ മേശയില്‍നിന്ന് 6,40,000 രൂപ കണ്ടെത്തി. ഇതില്‍ നാലരലക്ഷത്തിന് രേഖയുണ്ടായില്ല.
അപേക്ഷാഫോറം നല്‍കിയവരുടെയെല്ലാം പേരുകള്‍ ചേര്‍ക്കാതെയാണ് ഈ തട്ടിപ്പ് നടത്തിയത്. 10 പേര്‍ ഒരു കരാറിന് അപേക്ഷിച്ചാല്‍ രണ്ടുപേരേ രജിസ്റ്ററില്‍ ഉണ്ടാകൂ. ബാക്കി പണം ഉദ്യോഗസ്ഥര്‍ വീതം വെയ്ക്കുകയാണെന്നാണ് സൂചന.
എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കസേരക്കടിയില്‍നിന്ന് കിട്ടിയ പണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന മറുപടിയാണ് വിജിലന്‍സ് സംഘത്തിന് ലഭിച്ചത്. എന്നാല്‍, കരാറുകാരില്‍നിന്ന് ബില്‍ മാറുന്നതിനായി ലഭിച്ച കമ്മീഷന്‍ തുകയാണിതെന്ന് വിജിലന്‍സ് സംഘം കരുതുന്നു.












Click it and Unblock the Notifications