മദനി: ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്ന് കോടിയേരി
കണ്ണൂര്‍: പിഡിപി നേതാവ് മദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.
മദനി കോടതിയില്‍ ഹാജരാകാമെന്ന് നേരത്തേ അറിയിച്ചിരുന്നതാണ്. ഈ സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കേണ്ടത് കര്‍ണാടക പോലീസാണെന്ന് മന്ത്രി പറഞ്ഞു.
ബാംഗ്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. കര്‍ണാടകയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റുമായി ബന്ധപ്പെട്ട് കൊല്ലത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മദനിക്ക് കര്‍ണാടക കോടതിയില്‍ ഹാജരാകേണ്ടത്. അത് സംബന്ധിച്ച് കര്‍ണാടക നല്‍കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേരള പോലീസ് എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കും- കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കോടതിയില്‍ ഹാജരാകാമെന്ന് അറിയിച്ച മദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യത്തില്‍ കര്‍ണാടക പോലീസാണ് തീരുമാനമെടുക്കേണ്ടത്. മദനിയുടെ അറസ്റ്റിന്റെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ കേരള സര്‍ക്കാരിന് സാധിക്കില്ല.
ഇതിന്റെ പേരിലുയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. മറ്റൊരു സംസ്ഥാനം രജിസ്റ്റര്‍ ചെയ്ത കേസിലാണ് മദനി പ്രതിയായിട്ടുള്ളത്. കര്‍ണാടക സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രശ്‌നങ്ങളെക്കുറിച്ച് അവരുമായാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തര്‍ക്കിക്കേണ്ടത്. കേരള സര്‍ക്കാര്‍ ചാര്‍ജ് ചെയ്ത ഒരു കേസിലെ പ്രതിയല്ല അദ്ദേഹമെന്നും കോടിയേരി വ്യക്തമാക്കി.












Click it and Unblock the Notifications