ആശങ്ക പരത്തി കേരള തീരത്ത് കടല്‍ച്ചുഴി
തിരുവനന്തപുരം: പകല്‍സമയത്ത് കടലില്‍ കൂരിരുട്ടും വന്‍തിരമാലകളും രൂപപ്പെട്ട അപൂര്‍വ പ്രതിഭാസം കടല്‍ച്ചുഴലി എന്ന് വിളിക്കാവുന്ന വാട്ടര്‍സ്പൗട്ട് ആണെന്ന് വിദഗ്ധര്‍.
ആകാശത്തു നിന്ന് കടലിലേക്ക് കുമിളിന്റെ ആകൃതിയില്‍ രൂപപ്പെടുന്ന ചുഴലിമേഘത്തെയാണ് വാട്ടര്‍സ്പൗട്ട് എന്നു വിളിക്കുക. ജലാശയത്തിനു മേല്‍ രൂപപ്പെടുന്ന ശക്തമായ ചുഴലിക്കാറ്റാണ് ഇത്.
ചുഴലിക്കൊടുങ്കാറ്റിന്റെ മാതൃകയിലാണു കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നത്. തുടര്‍ന്നു കടലിന്റെ ഉപരിതലത്തില്‍ ചുഴി രൂപപ്പെടുകയും ക്രമേണ ജലകണങ്ങള്‍ ചാക്രിക രീതിയിലോ ചുഴലിക്കാറ്റിന്റെ രൂപത്തിലോ ചുറ്റിക്കറങ്ങി ചോര്‍പ്പിന്റെ മാതൃകയില്‍ ആകാശത്തേക്കുയര്‍ന്ന് വൃത്താകൃതിയില്‍ കാര്‍മേഘങ്ങള്‍ രൂപപ്പെടുകയും പെയ്തിറങ്ങുകയും ചെയ്യും.
ഇതോടെ കടല്‍ പ്രക്ഷുബ്ധമാകും. കനത്തപാളികളായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നതോടെ പ്രദേശത്താകെ ഇരുട്ടുവ്യാപിക്കും. അമേരിക്കന്‍ തീരങ്ങളിലും മറ്റും സാധാരണമായ ഈ പ്രതിഭാസം കേരളതീരത്ത് അപൂര്‍വമായേ അനുഭവപ്പെട്ടിട്ടുള്ളൂ.
കടല്‍ച്ചുഴിയെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ വള്ളം മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ഏഴുവയസുകാരനടക്കം നാലുപേരെ കാണാതായി. കള്ളിക്കാട് കുട്ടിയുടെയങ്ങ്(കോടാലിചിറ പടീറ്റതില്‍) അംബുജാക്ഷ(58)നാണു മരിച്ചത്.
ആറാട്ടുപുഴ കള്ളിക്കാടു നിന്നും മത്സ്യബന്ധനത്തിനു പോയ വള്ളം കൊല്ലത്തെ വാടിയില്‍ അപകടത്തില്‍പെട്ടായിരുന്നു മരണം. ഒപ്പമുണ്ടായിരുന്ന കള്ളിക്കാട് കടയില്‍ ഭരതന്റെ മകള്‍ കുട്ടന്‍(44), ആറാട്ടുപുഴ എ.കെ.ജി നഗര്‍ കാട്ടില്‍ വേണുവിന്റെ മകന്‍ ജോബി, കാട്ടില്‍ പുത്തന്‍വീട്ടില്‍ വിശ്വംഭരന്റെ മകന്‍ സന്തോഷ് എന്നിവരെ കാണാതായിട്ടുണ്ട്.
ബീമാപ്പള്ളിയില്‍ തൈക്കാപ്പള്ളിക്ക് സമീപം താമസിക്കുന്ന മണക്കാട്ട് സ്വദേശിയായ സെയ്തലിയുടെ മകന്‍ ഹാരിസ് എന്ന ഏഴു വയസുകാരനെയും കാണാതായി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണു ഹാരിസ് തിരയില്‍പ്പെടുകയായിരുന്നു.












Click it and Unblock the Notifications