മദനിയുടെ അറസ്റ്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുമെന്നു കര്‍ണാടക പോലീസ് കേരളാ പോലീസിനെ അറിയിച്ചു.
അറസ്റ്റിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയെന്നാണു കര്‍ണാടക ഡിഐജി അലോക് കുമാര്‍ ദക്ഷിണ മേഖലാ ഐ.ജി എ. ഹേമചന്ദ്രനെ അറിയിച്ചിരിക്കുന്നത്. 24 മണിക്കൂറിനുളളില്‍ മദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയവും കര്‍ണാടക സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
എന്തു വിലകൊടുത്തും അറസ്റ്റ് ചെയ്യുമെന്നു കര്‍ണാടക പോലീസ് അറിയിച്ചതോടെ കേരളാ പോലീസ് വഴങ്ങുകയായിരുന്നു. ഉച്ചയ്ക്കുമുമ്പ് അറസ്റ്റ് ചെയ്യാനാണു തീരുമാനം.
ഏറ്റുമുട്ടല്‍ വിദഗ്ധന്‍കൂടിയായ ഡി.ഐ.ജി. അലോക് കുമാറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ചയെത്തിയ മൂന്നംഗസംഘവും നേരത്തെയെത്തിയ നാല് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അറസ്റ്റിനുള്ള രൂപരേഖ തയാറാക്കിയത്.
വേണമെങ്കില്‍ പ്രത്യേകദൗത്യത്തിലൂടെ മദനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാന്‍ സജ്ജരാണെന്നും അലോക് കുമാര്‍ കേരളാ പോലീസിനെ അറിയിച്ചു.
ഇതിനിടെ രോഗബാധിതനായ മദനിയെ മെഡിക്കല്‍ ബോര്‍ഡിനു മുമ്പാകെ ഹാജരാക്കണമെന്ന ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ വാദം അലോക് കുമാര്‍ തള്ളി.
മഅ്ദനിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനായി കര്‍ണാടക പൊലീസ് തീവണ്ടിയിലും വിമാനത്തിലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്താലുടന്‍ വിമാനം ലഭിച്ചില്ലെങ്കില്‍ കര്‍ണാടകയില്‍നിന്നു പ്രത്യേക ഹെലികോപ്ടര്‍ എത്തി മ്ദനിയെ കൊണ്ടുപോകുമെന്നാണ് സൂചന.












Click it and Unblock the Notifications