വിഴിഞ്ഞം തുറമുഖം: ഒന്നാം ഘട്ടത്തിന് തറക്കല്ലിട്ടു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്‍ തറക്കല്ലിട്ടു. ഓഗസ്റ്റ് 16 തിങ്കളാഴ്ചയായിരുന്നു തറക്കല്ലിടല്‍. അന്തര്‍ദേശീയ കണ്ടയിനര്‍ ട്രാന്‍ഷിപ്പ്മെന്റ് പദ്ധതിയാണ് വിഴിഞ്ഞത്ത് നടപ്പാക്കാന്‍ ഉദ്ദേശിയ്ക്കുന്നത്.
പദ്ധതിയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. റോഡ്, റെയില്‍ സൗകര്യം, വെള്ളം, വൈദ്യുതി, ഭൂമി ഏറ്റെടുക്കല്‍, വിവിധ അനുമതികള്‍ ലഭ്യമാക്കല്‍ എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ ഉദ്ദേശിയ്ക്കുന്നത്.
റോഡ്, റെയില്‍ എന്നിവ പണിയാന്‍ വേണ്ട പാരിസ്ഥിക പഠനം നടക്കുകയാണ്. തീരദേശ സംരക്ഷണ നിയമം, പാരിസ്ഥിതിക നിയമം എന്നിവ അനുസരിച്ചുള്ള അനുമതിയ്ക്കുള്ള ആദ്യ നടപടികള്‍ തുടങ്ങികഴിഞ്ഞു. പദ്ധതി പ്രദേശവും ദേശീയ പാതയും തമ്മില്‍ ബന്ധിപ്പിയ്ക്കുന്ന രണ്ട് കിലോമീറ്റര്‍ റോഡിനായി എട്ട് ഹെക്ടര്‍ സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞു. ഈ നാല് വരിപാതയ്ക്ക് 30 കോടി രൂപയാണ് വേണ്ടത്.
ബൈപാസ് പണിയുന്നത് വൈകുന്നത് കാരണം 600 മീറ്ററുള്ള ഒരു താല്കാലിക പാത പണിയും. പദ്ധതി പ്രദേശത്തേയ്ക്ക് നിര്‍മ്മാണ സാമഗ്രികള്‍ എത്തിയ്ക്കാനായാണിത്. ഇതിന്റെ കരാര്‍ നല്‍കികഴിഞ്ഞു. പത്ത് കിലോമീറ്റര്‍ റെയില്‍പാതയ്ക്കുള്ള അനുമതി റെയില്‍വേ നല്‍കി കഴിഞ്ഞു. പദ്ധതി പ്രദേശത്ത് നിന്ന് ബാലരാമപുരത്തുകൂടി പോകുന്ന റെയില്‍പാതയുമായിട്ടായിരിയ്ക്കും ഇതിനെ ബന്ധിപ്പിയ്ക്കുക.
പാത പോകുന്ന വഴി നിശ്ചയിച്ച് കഴിഞ്ഞാല്‍ സ്ഥലം ഏറ്റെടുക്കുന്ന പണി തുടങ്ങും. വെള്ളായണി ശുദ്ധജല തടാകത്തില്‍ നിന്നാണ് വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേയ്ക്ക് വെള്ളം എത്തിയ്ക്കുക. ഇതിന് പൈപ്പ് ഇടാന്‍ 4.86 കോടി രൂപയുടെ ദര്‍ഘാസ് ജല അഥോറിട്ടി വിളിച്ച് കഴിഞ്ഞു.
ഈ പ്രദേശത്തെ വൈദ്യുതി വിതരണ ശൃംഘല 66 കെവിയില്‍ നിന്ന് 220 കെവിയാക്കി മാറ്റാനുള്ള പദ്ധതി വൈദ്യുതി വകുപ്പ് തുടങ്ങി കഴിഞ്ഞു. പദ്ധതിയുടെ ഒന്നാം ഘട്ട പണികള്‍ക്കായി 30 കമ്പനികള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications