താലിബാന്‍ കമിതാക്കളെ കല്ലെറിഞ്ഞു കൊന്നു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ കാടന്‍ നിയമം നടപ്പാക്കി. ഇത്തവണ കമിതാക്കളാണ് നിയമത്തിന് ഇരകളായത്.
അവിഹിതബന്ധം പുലര്‍ത്തിയെന്നാരോപിച്ച്, യുവാവിനെയും യുവതിയെയും അഫ്ഗാനിസ്താനിലെ കുണ്ടൂസ് പ്രവിശ്യയില്‍ താലിബാന്‍കാര്‍ കല്ലെറിഞ്ഞുകൊല്ലുകയായിരുന്നു.
താലിബാന്റെ നിയന്ത്രണത്തിലുള്ള മുല്ലാ ഖുലി ഗ്രാമത്തിലെ ജനത്തിരക്കേറിയ ചന്തയിലാണ് ശിക്ഷാവിധി നടപ്പാക്കിയത്. കൂടിനിന്ന ജനങ്ങളോട് താലിബാന്‍കാര്‍ തോക്കുചൂണ്ടി കല്ലെറിയാന്‍ ആവശ്യപ്പെടുകയായിരുന്നു.
കല്ലേറില്‍ സ്ത്രീ ആദ്യം മരിച്ചു. അബോധാവസ്ഥയിലായ പുരുഷനെ മൂന്നുതവണ നിറയൊഴിച്ചാണ് താലിബാന്‍കാര്‍ കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പള്ളിയിലെ ഉച്ചഭാഷിണിയിലൂടെയാണ് ശിക്ഷാവിധി നടപ്പാക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് വലിയൊരു ജനക്കൂട്ടംതന്നെ ചന്തയില്‍ തടിച്ചുകൂടി. ജനങ്ങളില്‍ ഭീതിപടര്‍ത്താന്‍വേണ്ടിയാണ് താലിബാന്‍ ഇത് ചെയ്തതെന്ന് അഫ്ഗാന്‍ രഹസ്യാന്വേഷണവിഭാഗം അഭിപ്രായപ്പെട്ടു.
ഇരുപത്തിമൂന്നുകാരിയായ യുവതി വിവാഹിതനായ ഇരുപത്തിയെട്ടുകാരനോടൊപ്പം ഒളിച്ചോടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഒളിച്ചോടിയ ആള്‍ തന്റെ ഭാര്യക്ക് നഷ്ടപരിഹാരം നല്‍കിയാല്‍ കാമുകീകാമുകന്മാര്‍ക്ക് തിരിച്ചുവരാമെന്ന് ഗോത്രസഭ വിധിച്ചു. അതില്‍ വിശ്വസിച്ച് നാട്ടില്‍ മടങ്ങിയെത്തിയ ഇരുവരെയും താലിബാന്‍കാര്‍ അറസ്റ്റുചെയ്യുകയായിരുന്നു.












Click it and Unblock the Notifications