മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 10മരണം
താനെ: മുംബൈയിലെ കല്‍വയ്ക്ക് സമീപം മൂന്നുനില കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ് പത്തുപേര്‍ മരിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം നടന്നത്.
ഏതാനുംപേര്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നു. 12 കുടുംബങ്ങള്‍ താമസിച്ചിരുന്ന സോണിഭായ് ഭുവന്‍ എന്ന കെട്ടിടമാണ് തകര്‍ന്നത്.
1980 ല്‍ നിര്‍മ്മിച്ച കെട്ടിടം അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് താനെ നഗരസഭ അധികൃതര്‍ പറഞ്ഞു.
കനത്ത മഴയും ചൊവ്വാഴ്ച രാവിലെ ഉണ്ടായ നേരിയ ഭൂചലനവുമാണ് കെട്ടിടം തകരാന്‍ കാരണമെന്ന് കരുതുന്നു. റിക്ടര്‍ സ്‌കെയിലില്‍ 2.6 രേഖപ്പെടുത്തിയ ഭൂചലനം മുംബൈയില്‍ അനുഭവപ്പെട്ടിരുന്നു.
ഭൂചലനത്തില്‍ കെട്ടിടത്തില്‍ പൊട്ടലുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ താമസക്കാരെ ഒഴിപ്പിച്ചിരുന്നു. വൈകീട്ട് വീട്ടുസാധനങ്ങള്‍ മാറ്റാന്‍ വീണ്ടും എത്തിയവരാണ് അപകടത്തില്‍ പെട്ടത്.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്ത മഴ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കംചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.












Click it and Unblock the Notifications