വിധവയ്ക്ക് വേണ്ടി തീവ്രവാദികള്‍ ഏറ്റുമുട്ടി
ഇസ്‌ലാമബാദ്: അറബ് തീവ്രവാദിയുടെ സമ്പന്നയായ വിധവയ്ക്കുവേണ്ടി പാകിസ്താനിലെ വസീരിസ്ഥാനില്‍ തീവ്രവാദി സംഘടനയിലെ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി.
വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ ആസാദ് ഖുറേശിയെ തട്ടിക്കൊണ്ടുപോയ ഉസ്മാന്‍ പഞ്ചാബിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
അറബ് തീവ്രവാദി കൊല്ലപ്പെട്ടതോടെ കഴിഞ്ഞയാഴ്ചയാണ് പഞ്ചാബികളും പ്രാദേശിക ഗിരിവര്‍ഗക്കാരായ മെഹസൂദ് വിഭാഗവും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചത്.
വിധവയെ ആര് വിവാഹം കഴിക്കുമെന്നതായിരുന്നു പ്രശ്‌നം. മെഹസൂദ് വിഭാഗക്കാര്‍ ഇവരെ കൈവശപ്പെടുത്തിയതോടെ ഉസ്മാന്‍ പഞ്ചാബി രംഗത്തെത്തി. വിധവയെ സ്വതന്ത്രമാക്കണമെന്നും ആരെ വിവാഹം കഴിക്കണമെന്ന് അവര്‍ തീരുമാനിക്കട്ടെ എന്നുമായിരുന്നു പഞ്ചാബിയുടെ വാദം.
ഇക്കാര്യം ചര്‍ച്ച ചെയ്യാനായി ശനിയാഴ്ച രാവിലെ അഫ്ഗാനിസ്താനടുത്ത് ദന്തേദര്‍പ വാലിയിലെ ഒരു വിദ്യാലയത്തില്‍ ഇരുവിഭാഗവും ഒത്തുകൂടി. ചര്‍ച്ചയ്ക്കിടെ തര്‍ക്കം മൂര്‍ച്ഛിച്ചതോടെയുണ്ടായ വെടിവെപ്പില്‍ എല്ലാവരും കൊല്ലപ്പെട്ടു.
ഉസ്മാന്‍ പഞ്ചാബിയെ വധിച്ചശേഷം ചാരനെ തങ്ങള്‍ കൊന്നുവെന്ന് മെഹസൂദ് വിഭാഗം അട്ടഹസിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.












Click it and Unblock the Notifications