മീന്‍പിടുത്തക്കാരനെ ചീങ്കണ്ണി കടിച്ചുകൊന്നു
തൃശൂര്‍: ചാലക്കുടി പുഴയില്‍ അന്നനാട് ഭാഗത്ത് മീന്‍പിടിയ്ക്കാനിറങ്ങിയ ആളെ ചീങ്കണ്ണി കടിച്ചു കൊന്നു. കാടുകുറ്റി കാവലം പറമ്പില്‍ ആന്റണി (55) ആണ് മരിച്ചത്.
കൊടുങ്ങാപ്പുഴ ക്ഷേത്രത്തിനു സമീപം മീന്‍പിടിക്കാനിറങ്ങിയ ഇയാളെ ഒന്നരക്കിലോമീറ്ററോളം ദൂരം ചീങ്കണ്ണി കടിച്ചുവലിച്ചുകൊണ്ടുപോയി. ബുധനാഴ്ച രാവിലെ പത്തേ കാലോടെയാണ് സംഭവം.
പുഴയുടെ മധ്യഭാഗത്തായി വീശുവലയെറിയുകയായിരുന്ന ആന്റണിയെ ചീങ്കണ്ണി ആക്രമിക്കുകയായിരുന്നു. ആന്റണിയെ കടിച്ച് പുഴയിലേക്ക് മുങ്ങിയ ചീങ്കണ്ണി ഒന്നരകിലോമീറ്റര്‍ താഴെ കുന്നത്തൂര്‍ കടവില്‍ വെച്ചാണ് ആന്റണിയെ വിട്ടത്.
പൊലീസും നാട്ടുകാരും വഞ്ചിയില്‍ പിന്തുടര്‍ന്നാണ് കാടുകുറ്റി കുന്നത്തൂര്‍ കടവില്‍വച്ച് ആന്റണിയെ ചീങ്കണ്ണിയുടെ പിടിയില്‍ നിന്നും മോചിപ്പിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം കണ്ടുനിന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും പുഴയിലിറങ്ങാന്‍ മടിച്ചു. ചാലക്കുടി പുഴയില്‍ വേറെയും ചീങ്കണ്ണികളുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications