കോണ്‍ഗ്രസ് തലപ്പത്തേയ്ക്ക് വീണ്ടും സോണിയ

ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി എഐസിസി പ്രസിഡന്റായ വ്യക്തിയെന്ന റിക്കാര്‍ഡ് സോണിയ നേരത്തെതന്നെ ഉറപ്പിച്ചതാണ്. സോണിയയെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി വെള്ളിയാഴ്ച പ്രഖ്യാപിക്കപ്പെടും.
സോണിയയ്‌ക്കെതിരേ മറ്റാരും പത്രിക നല്‍കില്ലെന്ന് ഏതാണ്ട് തീര്‍ച്ചയായിട്ടുണ്ട്. ഇന്നാണ് പത്രിക നല്‍കാനുള്ള അവസാന തീയതി. എഐസിസി പ്രസിഡന്റു തെരഞ്ഞെടുപ്പിന്റെ വരാണാധികാരിയായ ഓസ്‌കര്‍ ഫെര്‍ണാണ്ടസാണ് ഔദ്യോഗികമായി നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുക.
വെള്ളിയാഴ്ച പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുമെന്നും മറ്റു പത്രികകള്‍ ഇല്ലെങ്കില്‍ വെള്ളിയാഴ്ച തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പത്രസമ്മേളനത്തില്‍ അറിയിച്ചു.
1936 മുതല്‍ 74 വര്‍ഷത്തിനിടെ നടന്ന എല്ലാ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളിലും പങ്കെടുത്തിട്ടുള്ള ഏറ്റവും മുതിര്‍ന്ന നേതാവായ കെ. കരുണാകരനും സോണിയയ്ക്കുവേണ്ടി നേരിട്ടു പത്രിക സമര്‍പ്പിക്കുന്നതോടെ പുതിയൊരു റിക്കാര്‍ഡും പിറക്കും.
കേന്ദ്രമന്ത്രിമാരും എഐസിസി നേതാക്കളും കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളും രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ സോണിയയ്ക്കു വേണ്ടി പത്രികകള്‍ നല്‍കും. ഉച്ചയ്ക്കു 12 മണിയോടെയാകും കരുണാകരന്‍ പത്താം നമ്പര്‍ ജന്‍പഥിലെത്തി സോണിയയെ എഐസിസി പ്രസിഡന്റു സ്ഥാനത്തേക്കു നിര്‍ദേശിക്കുന്ന പത്രിക നല്‍കുക.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയന്‍, എംപിമാരായ പി.ജെ. കുര്യന്‍, എന്‍. പീതാംബരക്കുറുപ്പ്, ആന്റോ ആന്റണി തുടങ്ങി ഒട്ടേറെ നേതാക്കള്‍ കരുണാകരനൊപ്പം ഉണ്ടാകും.
കേന്ദ്രമന്ത്രിമാരായ എ.കെ ആന്റണിയും വയലാര്‍ രവിയും കേന്ദ്രനേതാക്കളോടൊപ്പമുള്ള പത്രികയിലാണ് ഒപ്പുവച്ചിരിക്കുന്നത്.
കരുണാകരനും കെപിസിസി പ്രസിഡന്റിനും പുറമേ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, ഉപനേതാവ് കാര്‍ത്തികേയന്‍, വി.എം. സുധീരന്‍, ആര്യാടന്‍ മുഹമ്മദ്, സി.വി. പത്മരാജന്‍, തെന്നല ബാലകൃഷ്ണപിള്ള, എം.ഐ. ഷാനവാസ്, കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ക.വി. തോമസ്, എംപിമാര്‍, പോഷക സംഘടനാ നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, എം. ലിജു, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ ഒപ്പുവച്ച മൂന്നു സെറ്റ് പത്രികകളാണ് കേരളത്തില്‍ നിന്നു നല്‍കുന്നത്.












Click it and Unblock the Notifications