ബീഹാര്‍:പൊലീസുകാരന്റെ മൃതദേഹം തിരിച്ചറിഞ്ഞു

മാവോവാദികള്‍ വധിച്ചുവെന്ന് അവകാശപ്പെട്ടിരുന്ന എസ്‌ഐ അഭയ് കുമാര്‍ യാദവിന്റെ മൃതദേഹമാണിതെന്ന് ആദ്യം സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടിരിക്കുന്നത് ലൂക്കാസ് ടെറ്റെയാണെന്ന് മംഗര്‍ ഡിഐജി ഷാരുഖ് മജീദ് സ്ഥിരീകരിച്ചു.
ഞായറാഴ്ച ലഖിസാരായ് വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മാവോവാദികള്‍ ഏഴു പോലീസുകാരെ വധിക്കുകയും നാലുപേരെ തട്ടിക്കൊണ്ടു പോവുകയുമായിരുന്നു. . തടവിലുള്ള തങ്ങളുടെ സഹപ്രവര്‍ത്തകരെ വിട്ടയച്ചില്ലെങ്കില്‍ തട്ടിക്കൊണ്ടുപോയവരെ വധിക്കുമെന്ന മാവോവാദികളുടെമൂന്നാംവട്ട അന്ത്യശാന സമയവും അവസാനിച്ചിരിക്കുകയാണ്.
സബ് ഇന്‍സ്‌പെക്ടര്‍മാരായ രൂപേഷ് കുമാര്‍, അഭയ് കുമാര്‍ യാദവ്, ബിഹാര്‍ മിലിട്ടറി പൊലീസ് ഹവില്‍ദാര്‍ എന്‍തേഷാം ഖാന്‍ എന്നിവരാണ് മാവോവാദികളുടെ കസ്റ്റഡിയിലുള്ളത്.
ലഖിസാരായിലെ ചനാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സിമ്രതാലി വനമേഖലയിലാണ് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. തടവിലുള്ള തങ്ങളുടെ സഹപ്രവര്‍ത്തകരെ വിട്ടയിച്ചില്ലെങ്കില്‍ ശേഷിക്കുന്ന ബന്ദികളെ വധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന കുറിപ്പും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു.
സബ് ഇന്‍സ്‌പെക്ടര്‍ അഭയ് കുമാര്‍ യാദവിനെ വധിച്ചുവെന്ന് മാവോവാദികള്‍ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാല്‍ കണ്ടെത്തിയിരിക്കുന്ന മൃതദേഹം ലൂക്കാസ് ടെറ്റയുടേതാണ്.
സംഭവത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശനിയാഴ്ച വൈകിട്ട് നാലിന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.












Click it and Unblock the Notifications