ഗില്‍ഗിത്: ഇന്ത്യ ചൈനയെ ആശങ്ക അറിയിച്ചു
ദില്ലി: പാക് അധിനിവേശ കശ്മീരിലെ ഗില്‍ഗിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ ചൈനീസ് പട്ടാളം നിലയുറപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്തയിലുള്ള ആശങ്ക ഇന്ത്യ ചൈനയെ ഔദ്യോഗികമായി അറിയിച്ചു.
ഗില്‍ഗിത് മേഖലയില്‍ തങ്ങളുടെ പട്ടാളം നിലയുറപ്പിച്ചുണ്ടെന്ന വാര്‍ത്ത ചൈന വ്യാഴാഴ്ച നിഷേധിച്ചതിനു പിന്നാലെയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
ചൈനയിലെ വിദേശകാര്യ സഹമന്ത്രി ഷാങ് ഷിജുനെ സന്ദര്‍ശിച്ചാണ് ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി എസ് ജയശങ്കര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ജയശങ്കര്‍ ദില്ലിയില്‍ എത്തി സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിതല സമിതിയെ ഗില്‍ഗിത് മേഖലയിലെ പ്രശ്‌നങ്ങള്‍ ധരിപ്പിച്ചിരുന്നു.
മേഖലയില്‍ സന്നദ്ധ സേവനത്തിനെന്ന പേരില്‍ ഏഴായിരത്തില്‍ കുറയാത്ത ചൈനീസ് പടയാളികളുണ്ടെന്നു യുഎസിലെ ദക്ഷിണേഷ്യന്‍ വിദഗ്ധന്‍ സെലിഗ് ഹാരിസണ്‍ ആവര്‍ത്തിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യ ഇക്കാര്യം അതീവ ഗൗരവത്തോടെ വീക്ഷിക്കാന്‍ തയ്യാറായത്.
ഇക്കാര്യത്തില്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തുമെന്നും യാഥാര്‍ഥ്യമാണെങ്കില്‍ ഇക്കാര്യം അതീവഗൗരവത്തോടെ കണക്കാക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ ഹാരിസണിന്റെ പാക്ക് വിരുദ്ധ ചിന്താഗതിയാണ് ഇത്തരം ആരോപണത്തിനു കാരണമെന്നാണ് പാകിസ്താന്‍ കുറ്റപ്പെടുത്തുന്നത്. പ്രളയവും മണ്ണിടിച്ചിലുംമൂലം തകര്‍ന്ന കാരക്കോറം ഹൈവേയുടെ പുനര്‍ നിര്‍മാണത്തിനു തങ്ങളുടെ ക്ഷണം സ്വീകരിച്ചാണ് ചൈനീസ് സൈന്യം എത്തിയതെന്നും പാക്കിസ്ഥാന്‍ വിശദീകരിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിക്കാതിരുന്ന ചൈന, ഗില്‍ഗിത് ബാള്‍ട്ടിസ്ഥാനില്‍ ചൈനയുടെ സാന്നിധ്യം ശരിവച്ചുള്ള പാക്കിസ്ഥാന്റെ പ്രസ്താവനയ്ക്കു ശേഷമാണു രംഗത്തെത്തിയത്.
ഇന്ത്യയുമായും പാക്കിസ്ഥാനുമായുമുള്ള നല്ല ബന്ധം തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള പ്രചാരണമാണിതെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ജിയാങ് യു പറഞ്ഞു. അതേ സമയം, ഹൈവേ നിര്‍മാണത്തിലെ പങ്കാളിത്തം ചൈന നിഷേധിച്ചിട്ടില്ല.












Click it and Unblock the Notifications