ആറന്മുള വിമാനത്താവളം, വിവാദത്തിന് തുടക്കമായി
തിരുവനന്തപുരം: ആറന്മുളയില്‍ വിമാനത്താവളം സ്ഥാപിയ്ക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. സ്വകാര്യ സംരംഭകരെ ഉള്‍പ്പെടുത്തി ഒരു ചെറിയ വിമാനത്താവളം നിര്‍മ്മിയ്ക്കാനാണ് പദ്ധതി. വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ചാണ് ഈ വിമാനത്താവളം നിര്‍മ്മിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നത്.
വടക്കേ ഇന്ത്യയിലെ പല സ്വകാര്യ കമ്പനികളും ഈ വിമാനത്താവള കമ്പനിയില്‍ പങ്കാളിയാവാന്‍ ഇപ്പോള്‍ തന്നെ താല്പര്യം കാണിച്ചിട്ടുണ്ടത്ര.
എന്നാല്‍ വിമാനത്താവളത്തിനുള്ള സ്ഥലത്തെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ തന്നെ തുടങ്ങികഴിഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതി പോലെ വീണ്ടും വിവാദങ്ങള്‍ക്ക് പിന്നാലേ വിവാദങ്ങള്‍ക്കായി ഇതാ കേരളത്തില്‍ ഒരു പദ്ധതി കൂടി വരുന്നു എന്നേ നമുക്ക് കരുതാനാവുകയുള്ളു.
വിമാനത്താവളത്തിനായി നെല്പാടം നികത്തി ഭൂമി കണ്ടെത്തരുതെന്നായിരുന്നു കൃഷി മന്ത്രി മുല്ലക്കര രത്നാകരന്റെ നിലപാട്. ഇത് കാണിച്ച് മന്ത്രി മുഖ്യമന്ത്രിയ്ക്ക് കത്തും നല്‍കിയിരുന്നു. മന്ത്രിസഭാ യോഗത്തില്‍ ഈ കത്തും പരിഗണനയ്ക്ക് വന്നു.
വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കുന്നതിനും ഭൂസംരക്ഷണ നിയമം, നെല്‍വയല്‍ സംരക്ഷണ നിയമം എന്നിവ ഇളവുചെയ്ത് നല്‍കേണ്ടിവരുമെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ദോഷകരമാകുമെന്നതിനാല്‍ മന്ത്രി എസ്. ശര്‍മയും ആറന്മുള വിമാനത്താവളത്തിനെതിരായിരുന്നു. എന്നാല്‍ വ്യവസായ വകുപ്പ് മന്ത്രി ഇളമരം കരിം പദ്ധതിയ്ക്ക് അനുകൂലമായ നിലപാടാണ് എടുത്തത്. വേണമെങ്കില്‍ ഇളവുകള്‍ അനുവദിയ്ക്കണമെന്നായിരുന്നു കരിമിന്റെ നിലപാട്. മന്ത്രി കോടിയേരി ബാലകൃഷ്ണനും നിയമത്തില്‍ ഇളവ് അനുവദിക്കേണ്ടെന്ന് അഭിപ്രായമാണ് പ്രകടിപ്പിച്ചത്. അങ്ങനെ സ്ഥലം എടുപ്പ് സംബന്ധിച്ച അഭിപ്രായ വ്യത്യാസം മന്ത്രിസഭാ യോഗത്തില്‍ തന്നെ തുടങ്ങി.
നിലവിലുള്ള നിയമങ്ങളില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന വ്യവസ്ഥയില്‍ പദ്ധതിക്ക് അനുമതി നല്‍കി. എന്നാല്‍ നിയമത്തില്‍ ഇളവ് അനുവദിക്കാതെ വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ കഴിയില്ല.
വിമാനത്താവളത്തിനായി 500 ഏക്കര്‍ പദ്ധതിയാണ് ആവശ്യമായുള്ളത്. ആറന്മുള പോലെ കാര്‍ഷീക പ്രാധാന്യമുള്ള ഒരു സ്ഥലത്ത് ഇത്രയും സ്ഥലം കണ്ടെത്തുക എളുപ്പമല്ല. ഈ പ്രദേശത്ത് ഒന്നും തന്നെ തരിശ് ഭൂമി കിട്ടുകയുമില്ല.
വിമാനത്താവള പദ്ധതി മുന്നോട്ട് പോവുകയാണെങ്കില്‍ അത് ഒരു ഭൂമി ഏറ്റെടുക്കല്‍ വിവാദത്തില്‍ എത്തുമെന്നത് ഇപ്പോള്‍ തന്നെ വ്യക്തമായിരിയ്ക്കുകയാണ്. ആറന്മുളയില്‍ മറ്റൊരു കിനാലൂര്‍ ആവര്‍ത്തിയ്ക്കുമോ?












Click it and Unblock the Notifications