നഗ്നചിത്രം കാണിച്ച് അധ്യാപകനെ ബ്ലാക്‌മെയില്‍ചെയ്തു
തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകന്റെ നഗ്‌നചിത്രങ്ങളെടുത്തു ഭീഷണിപ്പെടുത്തി കാറും പണവും കവര്‍ന്ന അഞ്ചംഗസംഘം അറസ്റ്റിലായി.
നഗരത്തിലെ ഒരു സ്‌കൂളിലെ അധ്യാപകനായ പേട്ട സ്വദേശിയാണ് സംഘത്തിന്റെ ഇരയായത്. കൊച്ചുവേളി സ്വദേശിയായ മോളി (35), രണ്ടാം ഭര്‍ത്താവ് നാരങ്ങാനം സ്വദേശി റജി (26), പത്തനംതിട്ട പ്രമാടം സ്വദേശികളായ രഞ്ജിത് (19), ജിഷ്ണു (19), മോസ്‌കോ നഗറില്‍ ഷാജു (18) എന്നിവരാണ് അറസ്റ്റിലായത്.
ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന മോളി രണ്ടു മാസം മുന്‍പാണു നാട്ടിലെത്തിയതും റജിയുമായി അടുക്കുന്നതും. ഇരുവരും ചേര്‍ന്നാണു മോളിയുടെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനെ ബ്‌ളാക്ക്‌മെയില്‍ ചെയ്തു കാറും മറ്റും തട്ടിയെടുത്തതെന്നു നേമം പൊലീസ് പറഞ്ഞു.
അധ്യാപകനുമായി അടുപ്പത്തിലായ മോളി അത്യാവശ്യകാര്യത്തിനായി രാവിലെ 10ന് വാടക വീട്ടിലെത്തണമെന്നുആവശ്യപ്പെടുകയായിരുന്നു. കാറില്‍ വരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ബൈക്കിലാണ് അധ്യാപകന്‍ എത്തിയത്.
അധ്യാപകനെ മോളി സല്‍ക്കരിച്ചിരുത്തിയ നേരം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വീടിനു പിറകില്‍ ഒളിച്ചിരുന്ന മറ്റു നാലുപേര്‍ വീടിനകത്തു കയറുകയായിരുന്നു. അനാശാസ്യത്തിനാണ് എത്തിയതെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയ ഇവര്‍ അധ്യാപകനെ പൂര്‍ണ നഗ്‌നനാക്കി ചിത്രങ്ങളെടുത്തു.
അര്‍ധനഗ്‌നയായ മോളിക്കൊപ്പം അധ്യാപകനെ കിടത്തി ചിത്രങ്ങളെടുത്ത ശേഷം പ്രസിദ്ധീകരിക്കാതിരിക്കാന്‍ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു.
അധ്യാപകന്റെ മൂന്ന് എടിഎം കാര്‍ഡുകളും പിടിച്ചുവാങ്ങിയ സംഘം പിന്‍ നമ്പര്‍ ഭീഷണിപ്പെടുത്തി വാങ്ങിയ ശേഷം തുക പിന്‍വലിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുറഞ്ഞ തുക മാത്രമാണ് അക്കൌണ്ടിലുള്ളതെന്നതിനാല്‍ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് അധ്യാപകനെ മര്‍ദിച്ച ശേഷം 50 രൂപയുടെ മുദ്രപ്പത്രത്തില്‍ ഒപ്പിടുവിച്ചു അധ്യാപകന്റെ കാര്‍ വിറ്റതായി രേഖയുണ്ടാക്കി. മണിക്കൂറുകള്‍ക്കു ശേഷം അധ്യാപകനെ മോചിപ്പിച്ച സംഘം രാത്രി 10 മണിയോടെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കാറുമായി കടന്നു.
അധ്യാപകന്‍ പിന്നീട് ഒരു സുഹൃത്തിനോട് കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു സുഹൃത്തിന്റെ പ്രേരണയില്‍ അധ്യാപകന്‍ നേമം പൊലീസില്‍ പരാതിപ്പെട്ടു.
വെള്ളായണിയിലെ വാടക വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രതികള്‍ വീടു പൂട്ടി പുറത്തുപോയിരുന്നു. ഇന്നലെ പ്രതികള്‍ വീട്ടിലെത്തിയതായുള്ള വിവരത്തെത്തുടര്‍ന്ന് പൊലീസ് സംഘം എത്തി അറസ്റ്റുചെയ്യുകയായിരുന്നു.
അധ്യാപകന്റെ കാറും മറ്റും പൊലീസ് കണ്ടെടുത്തു. നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications