ബ്ലെയറിന് നേരെ മുട്ടയേറ്

അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിലെ പുസ്തകശാലയില്‍ വായനക്കാര്‍ക്കായി ആത്മകഥയുടെ കോപ്പി ഒപ്പിട്ട് നല്‍കാനെത്തിയപ്പോഴാണ് ബ്ലെയറെ യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ മുട്ടയും ചെരിപ്പുമായി വരവേറ്റത്. പൊലീസുകാര്‍ രക്ഷാവലയം തീര്‍ത്തതിനാല്‍ ഏറൊന്നും കൊള്ളാതെ ബ്ലെയര്‍ രക്ഷപ്പെട്ടു.
ഡബ്ലിനിലെ പ്രധാന നിരത്തായ ഒകോണല്‍ സ്ട്രീറ്റിലെ സണ്‍ ബുക്ക്‌ഷോപ്പിന് മുന്നില്‍ മുന്നൂറോളം പേരാണ് ബ്ലെയറിനെ കാത്തുനിന്നിരുന്നത്. പുസ്തകം പുറത്തിറങ്ങിയ ശേഷം ഇതാദ്യമായാണ് ബ്ലെയര്‍ കോപ്പികളില്‍ ഒപ്പിട്ട് നല്‍കാനായി വായനക്കാര്‍ക്കടുത്തെത്തിയത്.
ഒരു യാത്ര എന്ന പേരിട്ട ആത്മകഥ പ്രചരിപ്പിയ്ക്കാന്‍ വേണ്ടി നടത്തിയ യാത്ര പക്ഷേ ബ്ലെയറിന് മറക്കാനാവാത്തതായി മാറുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇറാഖ്‌യുദ്ധം, സപ്തംബര്‍ 11നുണ്ടായ ഭീകരാക്രമണം, ഡയാന രാജകുമാരിയുടെ മരണം, തന്റെ പിന്‍ഗാമി ഗോര്‍ഡന്‍ ബ്രൗണുമായുള്ള അഭിപ്രായ വ്യത്യാസം എന്നിങ്ങനെ ചൂടന്‍ വിഭവങ്ങടങ്ങിയ ആത്മകഥ
ബ്രിട്ടനില്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ മുന്നിലാണ്.












Click it and Unblock the Notifications