മത തീവ്രവാദം ഭീഷണി: ജികെ പിള്ള
കൊല്ലം: കേരള അഭിമുഖീകരിയ്ക്കുന്ന പ്രധാന വെല്ലുവിളി മത തീവ്രവാദമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള. ഇതിനെ നേരിടാനായി കേരളം സജ്ജമാവേണ്ടി ഇരിയ്ക്കുന്നു. കൊല്ലത്ത് വാര്‍ത്താ ലേഖകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടില്‍ മാവോവാദികള്‍ ഉള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട്. ന്യൂമാന്‍ കോളെജിലെ അധ്യാപകന്റെ കൈവെട്ടിയ കേസിനെക്കുറിച്ച് എന്‍ ഐ എ യ്ക്ക് സംസ്ഥാനത്ത് നിന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഈ പ്രശ്നം പഠിച്ച് വരുകയാണെന്നും പിള്ള പറഞ്ഞു.
കേരളത്തിലെ സുരക്ഷാ സ്ഥിതിഗതികള്‍ പരിശോധിയ്ക്കാനായി കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി ജി കെ പിള്ള കേരളത്തില്‍ എത്തിയത് സംസ്ഥാന സര്‍ക്കാരിന് സുഖിച്ചിട്ടില്ല. ക്രമസമാധാനം സംസ്ഥാനത്തിന്റെ വിഷയമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
അധ്യാപകന്റെ കൈവെട്ടിയ കേസ് എന്‍ ഐ എ ഏറ്റെടുക്കണമോ എന്ന് പഠിയ്ക്കുകയാണെന്ന പിള്ളയുടെ പരാമര്‍ശത്തിലും സര്‍ക്കാരിന് എതിര്‍പ്പുണ്ട്. ഈ കേസ് അന്വേഷിയ്ക്കാന‍് കേരളം എന്‍ഐഎയോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ കേസില്‍ അന്വേഷണം നേരായ ദിശയിലാണ് നടക്കുന്നത്.
ആഭ്യന്തര സുരക്ഷയെയും തീവ്രവാദ ഭീഷണിയെയും പറ്റി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യാനാണ് ജി.കെ. പിള്ള തലസ്ഥാനത്ത് എത്തിയത്. തിങ്കളാഴ്ചയാണ് ചര്‍ച്ച. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇതിനെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.












Click it and Unblock the Notifications