ടിസിഎസ്: തിരുവനന്തപുരത്ത് 1000 കോടി മുടക്കും
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വേര്‍ കമ്പനിയായ ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) തിരുവനന്തപുരത്തെ ടെക്നോസിറ്റിയിലെ പരിശീലനകേന്ദ്രം വികസിപ്പിയ്ക്കുന്നതിനായി 1000 കോടി രൂപ ചെലവിടും.
തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിനടുത്താണ് ടെക്നോസിറ്റി വികസിപ്പിയ്ക്കുന്നത്. ടെക്നോസിറ്റിയില്‍ 82 ഏക്കര്‍ സ്ഥലത്താണ് ടിസിഎസ് പരിശീലന കേന്ദ്രം വികസിപ്പിയ്ക്കുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ വ്യക്തമാക്കി. 15,000 പേരെ പരിശീലിപ്പിയ്ക്കാനുള്ള സൗകര്യങ്ങള്‍ ഉള്ളതായിരിയ്ക്കും ഈ കാമ്പസ്. പരിശീലന കേന്ദ്രം സ്ഥാപിയ്ക്കാനായി ടെക്നോപാര്‍ക്ക് അധികൃതര്‍ ടിസിഎസിന് വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും അച്ചുതാനന്ദന്‍ പറഞ്ഞു.
സ്വകാര്യ-സര്‍ക്കാര്‍ സംയുക്ത സംരംഭമാണ് ടെക്നോസിറ്റി. ഐടി/ ഐടിഇഎസ് കമ്പനികളും, താമസ സ്ഥലങ്ങളും, ഷോപ്പിംഗ് കേന്ദ്രങ്ങളും, ആശുപത്രി, ഹോട്ടല്‍, വിദ്യാഭ്യാസ സൗകര്യം എന്നിവയും ടെക്നോസിറ്റിയില്‍ ഉണ്ടാവും.
ടിസിഎസിന് സ്ഥലം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചുകഴിഞ്ഞു. ടിസിഎസുമായി ഇതിനുള്ള കരാര്‍ ഉടന്‍ ഒപ്പിടും. ഒരു വര്‍ഷത്തിനുള്ളില്‍ കേന്ദ്രത്തിന്റെ പണി തുടങ്ങണമെന്ന നിബന്ധന കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായില്ലെങ്കില്‍ ടിസിഎസ് പിഴ നല്‍കേണ്ടിവരും.
ടിസിഎസ് പരിശീലന കേന്ദ്രത്തിന്റെ ആദ്യ ഘട്ടം കെട്ടിടം പണി തടങ്ങി 18 മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. കേന്ദ്രം പൂര്‍ത്തിയാവുമ്പോള്‍ ടിസിഎസ് 1500 കോടി രൂപയോളം നിക്ഷേപിച്ചിട്ടുണ്ടാവും.
ടെക്നോസിറ്റിയുടെ ആദ്യ ഘട്ടം 2012 ജൂലൈയോടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. ഏഴ് വര്‍ഷം കൊണ്ട് ടെക്നോസിറ്റി പൂര്‍ണമായും നടപ്പാക്കി കഴിയുമ്പോള്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കിട്ടുമെന്ന് കരുതുന്നു.
ടെക്നോസിറ്റിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായി ടെക്നോപാര്‍ക്ക് ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സിയോട് 170 കോടി രൂപ വായ്പ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications