സഹോദരങ്ങള്‍ തമ്മിലുള്ള വിവാഹം നിയമവിരുദ്ധം
മുംബൈ: അടുത്ത ബന്ധുക്കളു(കസിന്‍സ്)മായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമവിരുദ്ധമാണെന്ന് മുംബൈ ഹൈക്കോടതി.
ഹര്‍മന്ത് സിങ് എന്നൊരാള്‍ നല്‍കിയ പരാതി പരിഗണിക്കവേയാണ് അച്ഛന്റെയോ അമ്മയുടെയോ ബന്ധത്തിലുള്ള സഹോദരങ്ങള്‍ തമ്മില്‍ വിവാഹബന്ധത്തിലേര്‍പ്പെടുന്നത് ഹിന്ദു വിവാഹനിമയപ്രകാരം കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കിയത്.
ഭാര്യയായ ഹര്‍ദീപിനെ തന്നോടൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍മന്തിന്റെ ഹര്‍ജി. ഭാര്യ ഇയാളുടെ ബന്ധുവാണ്.
ഈ ബന്ധത്തിന് ഞാന്‍ സമ്മതം മൂളിയാല്‍ നിലവിലുള്ള നിയമത്തിന് മേല്‍ സീല്‍വച്ച് അടയ്ക്കുന്ന തരത്തിലുള്ള പ്രവൃത്തിയായി അത് മാറുമെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ജസ്റ്റിസ് യുഡി സാല്‍വി പറഞ്ഞു.
ഹര്‍ദീപിനെ കോടതി രക്ഷിതാക്കള്‍ക്കൊപ്പം അയയ്ക്കുകയും ചെയ്തു. മാത്രമല്ല മുതിര്‍ന്ന വ്യക്തിയെന്ന നിലയില്‍ ഹര്‍ദീപിന് ഇക്കാര്യത്തില്‍ സ്വന്തമായ തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി.
ഹിന്ദു വിവാഹനിയമത്തിലെ ഭാഗം അഞ്ച് പ്രകാരം സഹോദനും, സഹോദരിയും തമ്മിലുള്ള വിവാഹവും അഛ്ഛന്‍, അമ്മ എന്നിവരുടെ ബന്ധം വഴിയുള്ള സോഹോദരന്മാരും സഹോദരികളും തമ്മിലുള്ള വിവാഹവും കുറ്റകരമാണ്.
എന്നാല്‍ ഇത്തരക്കാര്‍ ഉള്‍പ്പെടുന്ന സമുദായത്തിന് അതില്‍ എതിര്‍പ്പില്ലെങ്കില്‍ ഇത്തരം വിവാഹങ്ങള്‍ ആകാമെന്നും ഇതില്‍ പറയുന്നുണ്ട്.
മറൈന്‍ ഓഫീസറായ ഹര്‍മന്ത് അമൃത്സറില്‍ വച്ചാണത്രേ ഹര്‍ദീപിനെ പരിചയപ്പെടുന്നത്. പ്രണയബദ്ധരായ 2009 ജനുവരിയില്‍ ഇവര്‍ അവിടെയുള്ള ആര്യസമാജം ക്ഷേത്രത്തില്‍ വച്ച് വിവാഹം ചെയ്യുകയും ചെയ്തു.
ഒന്‍പത് മാസം കഴിഞ്ഞ് വീട്ടുകാര്‍ ഹര്‍ദീപിനെ പിതാവിന് അസുഖമാണെന്ന് കള്ളംപറഞ്ഞ് വീട്ടില്‍ വിളിച്ചുവരുത്തി. പിന്നീട് ഇവരെ ഇരുവരെയും തമ്മില്‍ കാണാന്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് ഹര്‍മന്ത് കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications