മാനേജ്‌മെന്റ് നടപടിയില്‍ തെറ്റില്ല:ആര്‍ച്ച്ബിഷപ്
തിരുവനന്തപുരം: ചോദ്യപ്പേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് തൊടുപുഴ ന്യൂമാന്‍ കോളെജ് അധ്യാപകന്‍ ടിജെ ജോസഫിനെ പിരിച്ചുവിട്ട അച്ചടക്കനപടയില്‍ തെറ്റില്ലെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിക്‌സ് കത്തോലിക്കാ ബാവ.
ചോദ്യപേപ്പര്‍ തയാറാക്കുന്നതില്‍ അധ്യാപകനുണ്ടായ വീഴ്ചയെക്കുറിച്ച് പരിശോധിക്കാന്‍ മാനേജ്‌മെന്റ് അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെതിരേനടപടിയുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവാദ ചോദ്യത്തിലൂടെ സഹോദര സമുദായത്തിനുണ്ടായ അസ്വസ്ഥതയും വേദനയും പരിഹരിക്കുക എന്നതാണ് പരമപ്രധാനമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി കാതോലിക്കാ ബാവ പറഞ്ഞു.
നമ്മുടെ പൊതു സമൂഹത്തില്‍ നിലനിന്നിരുന്ന സൗഹാര്‍ദപരമായ അന്തരീക്ഷത്തിന് ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പ്രവര്‍ത്തനം വഴി വിഘാതമുണ്ടികുമ്പോള്‍ അത് കണ്ടില്ല എന്ന് നടിക്കാനാവില്ല.
ജൂലൈ 10ന് കോതമംഗലം രൂപത ചോദ്യപേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ നിജസ്ഥിതി വിശദീകരിച്ചുകൊണ്ട് ഇടയലേഖനം പുറപ്പെടുവിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം പള്ളികളില്‍ വായിച്ച സര്‍ക്കുലറെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകനെതിരേ മാനേജ്‌മെന്റ് സ്വീകരിച്ച അച്ചടക്കനടപടിയെ മാത്രം ഉയര്‍ത്തിക്കാട്ടാനാണ് യഥാര്‍ഥ വസ്തുതകള്‍ മറച്ചുവച്ചുകൊണ്ടു ചിലര്‍ ശ്രമിക്കുന്നത്. അധ്യാപകന്‍ തയാറാക്കിയ ചോദ്യത്തിലൂടെ മുസ്‌ലിം സമുദായത്തില്‍ അസ്വസ്ഥത ഉണ്ടായി എന്നതു യാഥാര്‍ഥ്യമാണ്.
എന്നാല്‍ അതിന്റെ പേരില്‍ കൈപ്പത്തിവെട്ടിമാറ്റിയത് കിരാതവും പൈശാചികവുമാണ്. മതസൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ ഒരു അധ്യാപകന്‍ കാണിച്ച വീഴ്ചയ്ക്ക് പരിഹാരം ഉണ്ടാക്കുക എന്നതാണ് പരമപ്രധാനം.
മതത്തിന്റെ പേരില്‍ വ്യക്തികളോ പ്രസ്ഥാനങ്ങളോ ഏറ്റുമുട്ടുന്ന സാഹചര്യമോ വര്‍ഗീയ ധ്രുവീകരണമോ ഉണ്ടാകാന്‍ പാടില്ല.സര്‍വകലാശാല ഇതുവരെ പ്രശ്‌നത്തില്‍ ക്രിയാത്മക നടപടിയെടുത്തില്ല-അദ്ദേഹം ആരോപിച്ചു
അധ്യാപകന്റെ ചോദ്യ പേപ്പറിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരീക്ഷ റദ്ദാക്കേണ്ടത് യൂണിവേഴ്‌സിറ്റിയാണോ, രൂപതയാണോയെന്ന് കാതോലിക്കാ ബാവ ചോദിച്ചു. തെറ്റുകാണിച്ച അധ്യാപകനെതിരെ നിയമപരമായ നടപടിയെടുക്കാന്‍ മാനേജ്‌മെന്റിന് അധികാരമുണ്ട്- അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications