ഓണ്‍ലൈന്‍ ഭ്രാന്ത്; ബ്രിട്ടീഷ് മാതാവിന് തടവ്

രാപ്പകല്‍ ഓലൈന്‍ ഗെയിമുകളിലും മറ്റും മുഴുകിയ മുപ്പത്തിമൂന്നുകാരിയാണ് സ്വന്തം കുട്ടികളെ പട്ടിണിയ്ക്കിട്ടത്. ഭര്‍ത്താവ് മരിച്ച ഇവര്‍ ഒന്‍പതും പത്തും പതിമൂന്നും വയസ്സുള്ള കുട്ടികളുടെ അമ്മയാണ്.
കഴിഞ്ഞവര്‍ഷം അവസാനത്തോടെയാണ് യുവതിക്ക് ഇന്റര്‍നെറ്റ് ഗെയിമുകളില്‍ ഭ്രമം കയറിയത്. ആദ്യമൊക്കെ ഒരുമണിക്കൂര്‍ മാത്രം വീട്ടിലെ കമ്പ്യൂട്ടറിന് മുന്നില്‍ ചെലവിട്ട ഇവര്‍ ക്രമേണ മറ്റെല്ലാം മറന്ന് ഇതില്‍ മുഴുകി. ഇക്കൊല്ലം ആഗസ്ത് ആയതോടെ യുവതി വീട്ടിന് പുറത്ത് ഇറങ്ങുന്നതുതന്നെ വല്ലപ്പോഴുമായി മാറി.
യുവതിയുടെ പെരുമാറ്റത്തിലും കുട്ടികളെ കാണാത്തതിലും സംശയം തോന്നിയ അയല്‍വാസി വാതില്‍പ്പഴുതിലൂടെ നോക്കിയപ്പോഴാണ് വീടിന്റെ ദയനീയസ്ഥിതി കണ്ടത്.
വീടാകെ അലങ്കോലമായിരുന്നു. പാചകം ചെയ്യേണ്ട ടിന്‍ ഭക്ഷണംപോലും കുട്ടികള്‍ അതേപടി കഴിക്കുകയായിരുന്നു. നേരാവണ്ണം ഭക്ഷണം കഴിയ്ക്കാതെയും കുളിയ്ക്കാതെയും പ്രാകൃതരൂപത്തിലായിരുന്നു കുട്ടികള്‍. രണ്ട് വളര്‍ത്തുനായ്ക്കളുടെ ജഡം ഡൈനിങ് ഹാളില്‍ ജീര്‍ണിച്ച നിലയിലും. ഒടുവില്‍ അയല്‍വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി യുവതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കോടതി ഇവര്‍ക്ക് ആറുമാസം തടവും 75 മണിക്കൂര്‍ പ്രതിഫലമില്ലാത്ത ജോലിയുമാണ് ശിക്ഷവിധിച്ചത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications