മദനിയുടെ കസ്റ്റഡി കാലാവധി 28 വരെ നീട്ടി
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതിയായ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജുഡീഷ്യല്‍ കസ്റ്റഡി സെപ്തംബര്‍ 28 വരെ കോടതി നീട്ടി. ബാംഗ്ലൂര്‍ മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
കേസിലെ ചില പ്രതികളെ വീഡിയൊ കോണ്‍ഫറന്‍സിംഗ് വഴിയാണ് മജിസ്ട്രേട്ട് വെങ്കടേഷ് ഹുലഗിയ്ക്ക് മുന്നില്‍ ഹാജരാക്കിയത്. മദനിയെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. എന്നാല്‍ മദനിയേയും വീഡിയൊ കോണ്‍ഫറന്‍സിംഗ് വഴി കോടതിയില്‍ ഹാജരാക്കാന്‍ മജിസ്ട്രേട്ട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് 14 ദിവസത്തേയ്ക്ക് ജൂഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്. വൈകാതെ മദനിയ്ക്കെതിരെയുള്ള ചാര്‍ജ്ജ് ഷീറ്റ് ഹാജരാക്കാന്‍ കോടതി അന്വേഷണ ഉദ്വോഗസ്ഥന്‍ ഓങ്കാരയ്യയോട് ആവശ്യപ്പെട്ടു.
മദനിയുടെ നാല് അംഗരക്ഷകര്‍ക്ക് കര്‍ണ്ണാടക പൊലീസ് വീണ്ടും നോട്ടീസ് അയച്ചിട്ടുണ്ട്. സ്ഫോടനക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ നേരിട്ട് ഹാജരാകാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മദനിയുടെ അംഗരക്ഷകരായിരുന്ന ഷാജഹാന്‍, ബഷീര്‍ നബീല്‍, സജീവ് എന്നീ പൊലീസുകാര്‍ക്കാണ് കര്‍ണ്ണാടക പൊലീസ് നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഈ പോലീസുകാര്‍ക്ക് നോട്ടീസ് അയയ്ക്കുന്നത്. മദനിയുടെ കുടക് യാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടുന്നതിനാണ് ഇവരെ ബാംഗ്ലൂരിലേക്ക് വിളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications