മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന് സ്വന്തം ചെക്ക് വേണം
ദില്ലി: മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിയ്ക്കുമ്പോള്‍ പണം നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലെ ചെക്ക് വഴി തന്നെ നല്‍കണമെന്ന നിബന്ധന വരുന്നു. മൂന്നാമന്റെ പേരിലെ അക്കൗണ്ടില്‍ നിന്ന് നിങ്ങളുടെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന് പണം നല്‍കാനാവില്ലെന്ന് ചുരുക്കം.
മറ്റൊരാളിന്റെ ചെക്ക് സ്വീകരിയ്ക്കുന്ന സംവിധാനം ഏജന്റ്മാര്‍ ദുരുപയോഗം ചെയ്തെന്നാണ് കണ്ടെത്തല്‍. നിക്ഷേപകന്റെ കൈയില്‍ നിന്ന് ചെക്ക് വാങ്ങി സ്വന്തം പേരിലെ മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിയ്ക്കുന്ന ഏജന്റുമാരുണ്ടത്രെ. ഇത്തരം പരാതികളാണ് ഈ തീരുമാനത്തിന് പിന്നില്‍.
നവംബര്‍ 15 മുതല്‍ ഇത് നിലവില്‍ വരും. അസോസിയേഷന്‍ ഓഫ് മ്യൂച്ചല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയാണ് ഈ തീരുമാനം എടുത്തത്.
പല മ്യൂച്ചല്‍ ഫണ്ടുകളും ഇപ്പോഴും തേഡ് പാര്‍ട്ടി ചെക്ക് നിക്ഷേപത്തിന് സ്വീകരിയ്ക്കാറില്ല. പ്രായപൂര്‍ത്തിയാവാത്തവരുടെ പേരിലുള്ള നിക്ഷേപത്തിന് രക്ഷിതാക്കളുടെ പേരിലുള്ള ചെക്ക് നല്‍കാന്‍ സംവിധാനമുണ്ട്. പക്ഷേ ഇത് 50,000 രൂപയില്‍ കൂടാന്‍ പാടില്ല. സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാനനുസരിച്ച് തൊഴില്‍ ദായകന് ചെക്ക് നല്‍കാനും അനുവാദമുണ്ട്.












Click it and Unblock the Notifications