വനിതാ പൊലീസിനെ സിപിഎമ്മുകാര്‍ കയ്യേറ്റം ചെയ്തു
ചങ്ങനാശേരി: വനിതാ പൊലീസിന് നേരെ സിപിഎമ്മുകാരുടെ കയ്യേറ്റശ്രമം. ചങ്ങനാശേരി പൊലീസ് സ്‌റ്റേഷനില്‍ രാത്രി പാറാവ് നിന്ന വനിതാ പൊലീസിനെയാണ് സിപിഎം പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
മദ്യലഹരിയിലായിരുന്ന ഇവര്‍ പിന്നീട് സ്‌റ്റേഷനുള്ളില്‍ കടന്ന് എഎസ്‌ഐയെ കയ്യേറ്റം ചെയ്തു. ഒടുവില്‍ പൊലീസുകാര്‍ ഇവരെ കീഴ്‌പ്പെടുത്തി സെല്ലില്‍ അടച്ചു.
കുറിച്ചി പെരുമ്പുഴകാട്ടില്‍ കണ്ണന്‍ (26), കുറിച്ചി ശങ്കരപുരം കുളങ്ങരവീട്ടില്‍ കണ്ണന്‍രാജ് (24) എന്നിവരാണ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയതെന്നു പൊലീസ് പറഞ്ഞു. ഇവരെ പിന്നീട് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി. ഇരുവരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സ്റ്റേഷനില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇരുവരും സിപിഎം പ്രവര്‍ത്തകരാണെന്നും പ്രശ്‌നമുണ്ടാക്കാന്‍ കാരണം എന്താണെന്ന് അറിയില്ലെന്നുമാണ് പൊലീസ് പറയുന്നത്.
സ്‌റ്റേഷനില്‍ അതിക്രമിച്ചുകയറിയ ഇരുവരും ആദ്യം പാറാവ് ജോലിയിലുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിളിനെ അസഭ്യം പറയുകയും ഭീഷണിമുഴക്കുകയും ചെയ്തു. ബഹളംകേട്ട് മറ്റു പൊലീസുകാര്‍ എത്തി ഇരുവരെയും പറഞ്ഞയ്ക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ഭീഷണിമുഴക്കി സ്‌റ്റേഷനുളളിലേക്കു കയറുകയായിരുന്നു.
മേശപ്പുറത്തെ താക്കോല്‍ എടുക്കാനും സെല്ലിന്റെ ഗ്രില്ല് തകര്‍ക്കാനും ശ്രമിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ചു. ഇതിനിടെയാണ് എഎസ്‌ഐ പ്രസാദിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. തുടര്‍ന്ന് മറ്റു പൊലീസുകാര്‍ ഇരുവരെയും കീഴ്‌പ്പെടുത്തി സെല്ലിലടച്ചു.












Click it and Unblock the Notifications